തൃശൂർ: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. കർക്കടകമാസത്തിലാണ് ഇത്തവണ അത്തം എത്തുന്നത്. ഇതോടെ വീടുകളിലെ മുറ്റങ്ങൾ പത്ത് നാൾ പൂക്കളങ്ങളുടെ വർണവൈവിദ്ധ്യത്തിൽ നിറയും. തിരുവോണനാളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് മാവേലിയെ വരവേൽക്കും. അത്തത്തെ വരവേൽക്കാൻ പൂക്കളുമായി വാഹനങ്ങൾ തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ തൃശൂരിലെത്തി. ഇന്നലെ രാവിലെ മുതൽ വിവിധയിടങ്ങളിൽ പൂവിൽപ്പന സ്റ്റാളുകളും സജീവമായി. നാലുതരം പൂക്കൾ അടങ്ങിയ കിറ്റിന് 50 മുതൽ 100 രൂപ വരെയാണ് വില. അറുപത് ടണ്ണോളം പൂക്കളാണ് ഇന്നലെ തൃശൂരിലെത്തിയത്. ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, ജമന്തി, അരളി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ. തെക്കേഗോപൂര നടയിൽ സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഭീമൻ പൂക്കളത്തിന്റെ ഒരുക്കങ്ങൾ ഇന്നലെ മുതൽ ആരംഭിച്ചു. പുലികളിയുടെ വിയ്യൂർ യുവജനസംഘത്തിന്റെ കൊടിയേറ്റം ഇന്ന് രാവിലെ എട്ടിന് വിയ്യൂർ റോസ ബസാറിൽ നടക്കും.
പൂത്തിണ്ണകൾ ഒഴിയുന്നു
അത്തപ്പൂക്കളങ്ങൾ ഒരുങ്ങുമ്പോഴും പഴമയുടെ പ്രതീകമായ പൂത്തിണ്ണകൾ (പൂത്തറ) അപൂർവ കാഴ്ചയാവുകയാണ്. അത്തത്തിന് ദിവസങ്ങൾക്കുമുമ്പ് കളിമണ്ണുകൊണ്ട് മുറ്റത്ത് ഒരുക്കിയിരുന്ന പൂത്തറകൾ ഇന്ന് പല വീടുകളിലും കാണാനില്ല. പൂക്കളങ്ങൾ സിറ്റൗട്ടുകളിലേക്കും അകത്തളങ്ങളിലേക്കും ചുരുങ്ങിയതോടെ പഴയകാല ആചാരങ്ങളും മാഞ്ഞുതുടങ്ങി. പണ്ട് എല്ലാ ദിവസവും മുറ്റത്തെ പൂത്തറയിൽ ചാണകം തേച്ചശേഷം നാട്ടുപൂക്കൾ ഉപയോഗിച്ചാണ് പൂക്കളമൊരുക്കിയിരുന്നത്. പൂക്കളമിട്ടുകഴിഞ്ഞാൽ ആറാപ്പ് വിളിച്ചായിരുന്നു ചടങ്ങ് അവസാനിപ്പിച്ചിരുന്നത്.
കാണാനില്ലാതെ കാശുതുമ്പയും
മുക്കുറ്റിയും തുമ്പയും
ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്ക് നിറം പകർന്നിരുന്ന കാശുതുമ്പയും മുക്കുറ്റിയും തുമ്പയുമെല്ലാം തൊടികളിൽനിന്ന് അപ്രത്യക്ഷമായതോടെ അന്യനാട്ടിൽനിന്നെത്തുന്ന പൂക്കളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പൂവെട്ടികളുമായി കുട്ടികൾ പൂപറിക്കാൻ പോകുന്ന കാഴ്ചയും അപൂർവമായി. നാട്ടിൻപുറങ്ങളിൽപോലും പൂപ്പറിക്കൽ പതിയെ ഓർമയാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |