
തിരുവോണം മുതൽ നാലോണം വരെ ഊര് ചുറ്റാൻ കുമ്മാട്ടികൾ
തൃശൂർ: ഓണനാളുകളിൽ തൃശൂരിന് ആവേശം പകരുന്നതിൽ മുന്നിലുണ്ട് കുമ്മാട്ടികൾ. ജില്ലയുടെ മുക്കിലും മൂലയിലും തിരുവോണം മുതൽ നാലോണം വരെ ഊരു ചുറ്റുന്ന കുമ്മാട്ടിക്കൂട്ടങ്ങൾ ആനന്ദക്കാഴ്ച്ചയാണ്. വാഴചാമ്പില മുതൽ പർപ്പടക പുല്ല് വരെ ദേഹത്ത് വച്ച്കെട്ടി, ആയിരങ്ങളെത്തുന്ന തെക്കുംമുറി, വടക്കുംമുറി കുമ്മാട്ടികൾ 27, 28 തീയതികളിലാണ്. വാദ്യമേളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന കുമ്മാട്ടികൾ നാടിന്റെ ആവേശമാണ്. 'തള്ള' മുഖമാണു കുമ്മാട്ടിയിലെ പ്രധാന വേഷം. ഇന്നു തള്ള (മുത്തശ്ശി), കിരാതമൂർത്തി (കാട്ടാളൻ), ഹനുമാൻ എന്നിവയ്ക്കു പുറമേ പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി തെയ്യം കലാരൂപങ്ങൾ വരെ കെട്ടിയാടുന്നുണ്ട്.
കമുകിൻ പാളയിൽ നിന്നും
ആദ്യകാലങ്ങളിൽ കമുകിൻ പാള വെട്ടിയെടുത്ത് കരിക്കട്ട കൊണ്ട് രൂപം വരച്ചാണ് കുമ്മാട്ടികൾ എങ്കിൽ, ഇപ്പോൾ മരത്തടിയിൽ തീർത്ത മുഖങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനിടയിൽ തകിടുകളും ഉണ്ടായിരുന്നു.
ഭക്തരെ ആന്ദപ്പിക്കാനായി പരമശിവൻ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണു കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങൾ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേർന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരിൽ അറിയപ്പെടുകയും ചെയ്‌തെന്ന് ഐതീഹ്യം.
കൊടിയേറി
കുമ്മാട്ടി കൊടിയേറ്റം നടുവിലാലിൽ മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിച്ചു. ഡെപ്യുട്ടി മേയർ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാജൻ പല്ലൻ എം.എൽ.എ മുഖ്യാത്ഥിയായി. ഓൾ കേരള കുമ്മാട്ടി സംഘം പ്രസിഡന്റ് സുരന്ദ്രൻ ഐനിക്കുന്നത്ത്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.സന്തോഷ്, പ്രതിപക്ഷ നേതാവ് ടി.ആർ.ഹിൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, ബൈജു വർഗീസ്, ജേക്കബ് പുലിക്കോട്ടിൽ വിൻഷി അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
കുമ്മാട്ടികളെത്തുന്ന ഇടങ്ങൾ
കോർപ്പറേഷൻ പരിധിയിലും പ്രാന്ത പ്രദേശങ്ങളിലുമായി 56സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിഴക്കുംപാട്ടുകര, നെല്ലങ്കര, മുക്കാട്ടുകര, നെട്ടിശേരി, ഒല്ലൂക്കര, നടത്തറ, മൂർക്കിനിക്കര, ചിറക്കോട്, നടവുവിലാൽ, അയ്യന്തോൾ, പുതൂർക്കര, എടക്കുന്നി, ചേലക്കോട്ടുകര, കീരംകുളങ്ങര, ചേറൂർ എന്നിവിടങ്ങളിൽ കുമ്മാട്ടികളെത്തും. കിഴക്കുപാട്ടുകരയിൽ തെക്കുംമുറി, കിഴക്കുംമുറി, പൃഥ്വി എന്നിവയാണ്. നഗരത്തിന് പുറത്ത് ഊരകത്തെ കുമ്മാട്ടിയും പ്രസിദ്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |