ചാവക്കാട്: ഒന്നര നൂറ്റാണ്ടായി പഴയ കെട്ടിടങ്ങളുടെ പരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന ചാവക്കാട് കോടതി ഇനി 'പുതുമന്ദിരത്തിൽ'. 38 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പണിത അഞ്ചുനില കെട്ടിടം ഒടുവിൽ യാഥാർത്ഥ്യമായി. 50,084 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വിവിധ കോടതികൾക്ക് പുറമെ ബാർ അസോസിയേഷൻ ഹാൾ, ക്ലാർക്ക് അസോസിയേഷൻ ഹാൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഓരോ നിലയിലും ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് സ്‌പെഷൽ ബിൽഡിംഗിനാണ് നിർമ്മാണ ചുമതല
ഗ്രൗണ്ട് ഫ്‌ളോറിലും അഞ്ചാം നിലയിലും ജെ.എഫ്.സി.എം കോടതികളും രണ്ടാം നിലയിൽ പോക്‌സോ കോടതിയും മൂന്നാം നിലയിൽ മുൻസിഫ് കോടതിയും നാലാം നിലയിൽ സബ് കോടതിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായി നിർവഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ വിശിഷ്ടാതിഥിയായി. ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
എൻ.കെ അക്ബർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് ജോബി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.
പരിധിയിൽ 41 വില്ലേജുകൾ
കേരളത്തിലെ ഏറ്റവും വലിയ സിവിൽ അധികാരപരിധിയുള്ള ചാവക്കാട് കോടതിയുടെ പരിധിയിൽ 41 വില്ലേജുകളാണുള്ളത്. വർഷം 10,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും 10,000ത്തിലേറെയാണ്. ഗുരുവായൂർ, മണലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലായി ഏകദേശം 60 കിലോമീറ്റർ ജനസാന്ദ്രതയേറിയ തീരദേശമേഖലയും കോടതിയുടെ അധികാരപരിധിയിലുണ്ട്.
കെട്ടിട നിർമ്മാണത്തിന് പുറമെ എൻ.കെ.അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25.16 ലക്ഷം രൂപ ചെലവഴിച്ച് ജനറേറ്ററും പ്രത്യേക വികസന ഫണ്ടിൽനിന്ന് 25.85 ലക്ഷം രൂപ അനുവദിച്ച് ഫർണിച്ചറും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |