SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

ഓണത്തിരക്കിൽ കുരുക്കായി കുണ്ടും കുഴിയും

f

തൃശൂർ: ഓണനാളിൽ ഗതാഗതത്തിന് കുരുക്കിട്ട് റോഡുകളിലെ കുണ്ടും കുഴിയും. റോഡുകളുടെ ശോച്യാവസ്ഥ മൂലം സ്വരാജ് റൗണ്ടിലും ഔട്ടർ റിംഗ് റോഡുകളിലും കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഓണക്കാലം എത്തിയതോടെ പോക്കറ്റ് റോഡുകളിലും വൻ തിരക്കുണ്ട്. സ്വരാജ് റൗണ്ടിന്റെ തെക്കുപടിഞ്ഞാറെ മൂലയിലും ബാനർജി റോഡിന് മുൻപിലുള്ള വടക്കുവശത്തുമാണ് റോഡിൽ കുണ്ടും കുഴികളുമുള്ളത്. പലയിടത്തും റോഡ് നിരപ്പല്ലാത്തതിനാൽ ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്വരാജ് റൗണ്ടിന് പുറത്തുള്ള ഔട്ടർ റിംഗ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വടക്കെ ചിറയ്ക്ക് സമീപം കൂടെ സാഹിത്യ അക്കാഡമിയിലേക്കുള്ള വൈലോപ്പിള്ളി ശ്രീധരമേനോൻ റോഡും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ പെട്രോൾ പമ്പിൽ നിറുത്തിയിടുന്ന വാഹനങ്ങൾ കഴുകുന്ന വെള്ളം ഒഴുകിയെത്തുന്നതും കാനയില്ലാത്തതുമാണ് പ്രധാന പ്രശ്നം.

സെന്റ്‌തോമസ് കോളേജ് റോഡിലും രാവിലെയും വൈകിട്ടും തിരക്കോട് തിരക്കാണ്. ആമ്പക്കാടൻ ജംഗ്ഷനിലെ കയർ കെട്ടിത്തിരിച്ച മീഡിയനും മറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാകുന്നു.

ദിവാൻജി മൂലയിലും കുരുക്ക്

കോഴിക്കോട്, കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന ദിവാൻജി മൂലയിൽ പെരുംകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇവിടം ടാർ ചെയ്തിരുന്നു. എന്നാൽ കുഴിയടയ്ക്കുന്നതൊന്നും നിൽക്കുന്നില്ലെന്നതാണ് പ്രശ്നം. ശങ്കരയ്യ റോഡിലെ പൂത്തോൾ കവലയിലെ കുപ്പിക്കഴുത്ത് പിന്നിട്ട് നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾ ഇതുമൂലം ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ഇന്നലെ രാത്രി എം.ജി റോഡിലെ ചെറുകുഴികളും അടച്ചിട്ടുണ്ട്.

 കാനയിൽ തട്ടി നിലച്ച് കുറുപ്പം റോഡ്

വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കുറുപ്പം റോഡ് നിർമ്മാണം നിലച്ചതോടെ ഇനിയെന്ന് പ്രവൃത്തികൾ ആരംഭിക്കുമെന്ന കാര്യത്തിലും തീരുമാനമായില്ല. പി.ഡബ്ളിയു.ഡിയും കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിലവിലെ നിർമ്മാണവുമായി മുന്നോട്ടുപോകാമെന്ന വിധമുള്ള റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ എൻജിനിയറിംഗ് കോളേജിന്റെ പരിശോധന കൂടി കഴിഞ്ഞ ശേഷമേ പ്രവൃത്തി തുടങ്ങൂ. ഇതോടെ ഓണം കഴിഞ്ഞേ നിർമ്മാണം നടക്കൂവെന്ന് ഉറപ്പായി. കുറുപ്പം റോഡിനൊപ്പം നിർമ്മാണം ആരംഭിച്ച ചെമ്പോട്ടിൽ ലൈനിലെ കാനനിർമ്മാണം ഏതാണ്ട് പൂർത്തിയായി.റോഡ് ടാറിംഗ് മാത്രമാണ് ബാക്കിയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL