
തൃശൂർ: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആഘോഷങ്ങളുടെ രാപ്പകലുകൾക്ക് നിറം പകരാൻ തൃശൂർ ഒരുങ്ങി. വീട്ടുമുറ്റത്തെ കൈകൊട്ടിക്കളി മുതൽ നാടൻ കളികളും വീരനാട്യവും കുമ്മാട്ടിയും ജലോത്സവങ്ങളും പുലികളിയും വരെ ഓണക്കാലത്തെ ആവേശം ഉയർത്തും. ഒപ്പം കുമ്മാട്ടികളും ജലോത്സവങ്ങളും കാണികളെ ആവേശത്തിലാറാടിക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
കുമ്മാട്ടിക്കാലം
ഓണത്തിന്റെ സ്വന്തം കാഴ്ചയായ കുമ്മാട്ടികൾ തിരുവോണ നാൾ മുതൽ ദേശവഴികളിലെത്തും. പർപ്പടകപ്പുല്ല് ദേഹത്ത് കെട്ടി, മരത്തടിയിൽ കൊത്തിയെടുത്ത പൊയ്മുഖങ്ങളണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമ്മാട്ടികൾ ഇറങ്ങും.
'തള്ള' മുഖമാണ് പ്രധാന വേഷം. കിരാതമൂർത്തി, ഹനുമാൻ, പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി അമ്പതിലേറെ മുഖങ്ങളാണ് കുമ്മാട്ടികളുടെ കാഴ്ചയിലെത്തുക. കിഴക്കുംപാട്ടുകരയിലെ കുമ്മാട്ടിയാണ് കേരളത്തിലെ പഴക്കമേറിയ കുമ്മാട്ടികളിലൊന്ന്. തെക്കുംമുറി, വടക്കുംമുറി കുമ്മാട്ടികൾ രണ്ടോണ, മൂന്നോണ നാളുകളിലും ഊരുചുറ്റും.
ആവേശത്തുഴയേറ് ...
തൃപ്രയാറിലും കണ്ടശ്ശാംകടവിലും നടക്കുന്ന ജലോത്സവങ്ങൾ ഓണക്കാലത്തെ പ്രധാന ആകർഷണങ്ങളാകും. തിരുവോണ നാളിൽ തൃപ്രയാർ ക്ഷേത്രത്തിന് മുന്നിലും രണ്ടോണ നാളിൽ കണ്ടശ്ശാംകടവിലുമാണ് വള്ളംകളി. ഇരുട്ടുകുത്തി, ചുണ്ടൻ, ചുരുളൻ വള്ളങ്ങൾ ഓളപ്പരപ്പിൽ പായുമ്പോൾ ഇരുകരകളിലും ആയിരങ്ങൾ ആവേശത്തോടെ കാഴ്ചക്കാരാകും. 1956ൽ ആരംഭിച്ച കണ്ടശ്ശാംകടവ് ജലോത്സവം 2011ൽ കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിയായി അംഗീകരിച്ചിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന ഏക ജലോത്സവമാണ് കണ്ടശ്ശാംകടവിലേത്.
പുലി മടകളിലും തിരക്ക്.
തൃശൂരിന്റെ ഓണാഘോഷത്തിന്റെ കൊട്ടിക്കലാശമായ പുലികളിക്കായി വിവിധ ദേശങ്ങളിലെ സംഘങ്ങൾ ഒരുങ്ങുകയാണ്. അയ്യന്തോൾ,കുട്ടൻകുളങ്ങര,സീതാറാം മിൽ,ചക്കാമുക്ക്, യുവജനസംഘം,വിയ്യൂർ, ശങ്കരംകുളങ്ങര,പാട്ടുരായ്ക്കൽ ദേശം,കാനാട്ടുകര ദേശം, ഒളരിക്കര ദേശം,എന്നി സംഘങ്ങളാണ് ഇത്തവണയുള്ളത്. ഇതിൽ ഒളരിക്കരയിൽ നിന്ന് ആദ്യമായാണ് പുലിക്കളി സംഘമെത്തുന്നത്.
വീരനാട്യവും
ഇതിനൊപ്പം ഓണക്കാലത്ത് ട്രെൻഡായി മാറിയ വീരനാട്യവും ആഘോഷത്തിന് പുതിയ താളം പകരും. തായംകളി, ഓണത്തല, തലമപന്തുകളി, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളും കളികളും വീട്ടുമുറ്റങ്ങളിലും നാട്ടുവഴികളിലും സജീവമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |