തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന യൂത്ത് ബ്രിഗേഡ് മാർച്ച് ആവേശമായി. റീജ്യണൽ തിയറ്ററിൽ നാലു ദിവസമായി നടന്ന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. വൈകിട്ട് അഞ്ചോടെ നടുവിലാൽ ജംഗ്ഷനിൽനിന്ന് പരേഡ് ആരംഭിച്ചു. 'ഡി.വൈ.എഫ്.ഐ' എന്ന് ആലേഖനം ചെയ്ത നീല ബനിയനുകളണിഞ്ഞ് 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള ബ്രിഗേഡുകൾ അണിനിരന്നു. എം.ജി. റോഡ് മുതൽ പടിഞ്ഞാറേക്കോട്ടവരെ യുവപ്രവാഹം നീണ്ടു.
പ്രകടനം എത്തുംമുമ്പേ വി.എസ്. അച്യുതാനന്ദന്റെ സ്മരണകൾ നിറഞ്ഞ പൊതുസമ്മേളന വേദിയായ അരണാട്ടുകര നേതാജി മൈതാനം ജനങ്ങളാൽ നിറഞ്ഞിരുന്നു. എം.ജി. റോഡ് വഴി എത്തിയ പ്രകടനം നേതാജി ഗ്രൗണ്ടിൽ സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും അണിനിരന്നു.
സംസ്ഥാന പ്രസിഡന്റ് വസീഫ്, സനോജ് , പുതിയ സംസ്ഥാന പ്രസിഡന്റ് ചിന്ത ജറോം, സെക്രട്ടറി എം.വി.വിജിൻ, അഡ്വ.ആർ.രാഹുൽ, ജോ.സെക്രട്ടി ഗ്രീഷ്മ അജയഘോഷ്,തൃശൂർ ജില്ലാ സെക്രട്ടറി റോസൽ രാജ് എന്നിവർ നേതൃത്വം നൽകി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. സി.പി.എം നേതാക്കളായ എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗീസ്, അനൂപ് ഡേവീസ് കാട, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉൾപ്പെടെയുള്ളവർ പൊതുസമ്മേളന വേദിയായ നേതാജി ഗ്രൗണ്ടിൽ സന്നിഹിതരായിരുന്നു.
ഡി.വൈ.എഫ്.ഐ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് തൃശൂരിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത സമ്മേളനം എന്ന പ്രത്യേകതയും തൃശൂരിലെ സമ്മേളനത്തിനുണ്ട്.
തൃശൂരിൽ നിന്ന് ഏഴു പേർ
തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ തൃശൂരിൽ നിന്ന് ഏഴു പേർ. ഗ്രീഷ്മ അജയ്ഘോഷ്, കെ.എസ്. റോസൽ രാജ്, സുകന്യ ബൈജു, പി.എച്ച്. നിയാസ്, സി.എസ്. സംഗീത്, എറിൻ ആന്റണി, ആഷിഖ് വലിയകത്ത് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീഷ്മ അജയ്ഘോഷിനെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |