തൃശൂർ: രാജ്യത്ത് ഉയരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും വിദ്യാർത്ഥി യുവജന വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണമെന്ന് എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കും യുവജന പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനും ആശംസകൾ നേർന്നുകൊണ്ടായിരുന്നു പ്രസംഗം. കേന്ദ്രഭരണം കൈയാളുന്ന ആർ.എസ്.എസ് ബി.ജെ.പി ശക്തികൾ രാജ്യത്ത് വർഗീയ വിഭജന അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ഐഷി ആരോപിച്ചു. യുവാക്കളെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കാനും വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനും തൊഴിൽ അവസരങ്ങൾ പരിമിതപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യുവാക്കളെ സംഘടിപ്പിക്കുകയും ജനാധിപത്യ, മതേതര, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ ബഡ്ജറ്റ് വിഹിതം കുറയുന്നതും സർക്കാർ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നതും ആശങ്കാജനകമാണ്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിനിടെ സർക്കാർ മേഖലയിലെ ഒഴിവുകൾ നികത്തുന്നതിന് പകരം തസ്തികകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കരാർ തൊഴിൽ സമ്പ്രദായം വ്യാപകമാക്കിയതായും സൈനിക മേഖലയിലടക്കം കരാർ നിയമനത്തിന് വഴിയൊരുക്കുന്ന അഗ്‌നിവീർ പദ്ധതി ഇതിന്റെ ഭാഗമാണെന്നും ആരോപിച്ചു.
തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടും യുവാക്കൾ തൊഴിലില്ലായ്മ നേരിടുന്ന സാഹചര്യത്തിന് ഉത്തരവാദികൾ യുവാക്കളല്ലെന്നും ഭരണകൂടമാണെന്നും ഐഷി ഘോഷ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |