SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.24 AM IST

സംഗമേശഭൂമിയിൽ പിറന്നത് പാട്ടിൻ നിലാവ്

ഇരിങ്ങാലക്കുട: സംഗമേശഭൂമിയിൽ നാലോണനാളിൽ ആനന്ദത്തിന്റെ പൊൻമഴ വിരിയിച്ച് കേരളകൗമുദി ഓണനിലാവ്. പ്രൗഢഗംഭീരമായ സദസിന് മുന്നിൽ പാടിയും പറഞ്ഞും മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി തിമിർത്താടിയപ്പോൾ ഇരിങ്ങാലക്കുട എം.സി.പി. ഹാളിൽ പിറന്നത് പൊന്നോണനിലാവ്. തെയ്യത്തിന്റെ ചടുലഗാനവുമായി ആദ്യം ശ്യാം വേദിയിലെത്തി. പിന്നീട് പുകമറ മാറി, 'ഇരിങ്ങാലക്കുടയെ ഒന്ന് കാണട്ടെ' എന്ന് പറഞ്ഞ് റിമി വേദിയിലെത്തി. എല്ലാവർക്കും നമസ്‌കാരം പറഞ്ഞ ശേഷം ഗാനപ്പെരുമഴയ്ക്ക് തുടക്കമായി. നീലന് മുന്നിൽ ഭാനുമതി രൗദ്രഭാവത്തിൽ നൃത്തമാടിയ 'അംഗോപാംഗം സ്വര മധുരം...' എന്ന ഗാനത്തോടെയാണ് റിമി തുടങ്ങിയത്. 'ചിന്നമ്മ, അടി കുഞ്ഞിപ്പെണ്ണമ്മ' എന്നതായിരുന്നു അടുത്ത ഗാനം. പാട്ടിനൊപ്പം തന്റെ വാക്ചാതുരികൊണ്ടും റിമി ഇരിങ്ങാലക്കുടയെ കൈയിലെടുത്തു. പിന്നീട് പ്രണയം തുളുമ്പുന്ന ഗുണയിലെ 'കൺമണി, അമ്പോട് കാതലൻ'. പാട്ടിന് ശേഷം കമലഹാസന്റെ ശബ്ദം അനുകരിച്ച് ഓർക്കസ്ട്രയിലെ ലിജോയും സദസിനെ രസിപ്പിച്ചു. ഇടതും വലതും ഇരുന്ന ആരാധകരെ ഇവിടെയാരാരോ... എന്ന ഗാനത്തിനൊപ്പം മത്സരിപ്പിച്ച് പാടിച്ചായിരുന്നു റിമിയുടെ അടുത്ത നമ്പർ. ചടുലമായ നൃത്തച്ചുവടുകളും ഇതോടൊപ്പം കാഴ്ചവിരുങ്ങായി. 'അയാം ദ ഡിസ്‌കോ ഡാൻസർ' എന്ന റോക്ക് ഗാനമായിരുന്നു അടുത്തത്. ചടുലതാളത്തിനൊപ്പം നൃത്തം ചവിട്ടിയ റിമിക്കൊപ്പം തപ്പുകൊട്ടി കാണികളും ആവേശം പങ്കിട്ടു. ചുവന്ന സാരി ധരിച്ച് ആദ്യം വേദിയിലെത്തിയ റിമി പിന്നീട് വേഷം മാറി വേദിയിലെത്തിയതോടെ ബോളിവുഡിനെ ത്രസിപ്പിച്ച 'മിസ്റ്റർ ഇന്ത്യ'യിലെ 'ബിജിലി കി റാണി' എന്ന ഗാനവും പിറന്നു. ഫാസ്റ്റും മെലഡിയും ഒരുമിച്ച് ചേർത്ത സംഗീതസദ്യയായിരുന്നു പിന്നീട് അരങ്ങേറിയത്. എസ്.പി ബാലസുബ്രഹ്മണ്യവും ചിത്രയും ചേർന്ന് പാടിയ 'താരാപഥം ചേതോഹരം' എന്ന അനശ്വര ഗാനം വേദിയിൽ പിറന്നു. ജാനകിഅമ്മയെ അനുസ്മരിച്ച് ആകാശദൂതിലെ 'രാപ്പാടി തേടുന്നുവോ', പപ്പയുടെ സ്വന്തം അപ്പൂസിലെ 'എൻ പൂവേ പൊൻ പൂവേ', നിന്നിഷ്ടം എന്നിഷ്ടത്തിലെ 'ചിറകൊടിഞ്ഞ കിനാക്കളേ', ശേഷം കാഴ്ചയിലെ 'മോഹം കൊണ്ടു ഞാൻ', താളവട്ടത്തിലെ 'കൂട്ടിൽ നിന്നും'... അങ്ങനെ സംഗീതപ്പെരുമഴ. വെള്ളാംങ്കല്ലിൽ, പൂമാനമേ, കിളിയേ കിളിയേ തുടങ്ങിയ ഗാനങ്ങളും അരങ്ങിലെത്തി.

അടിച്ചുപൊളിച്ച്

മാനേ മധുരക്കരിമ്പിന്റെ, ഇലുമിനാട്ടി, തുടങ്ങിയ ആവേശപ്പാട്ടുകളിൽ കാണികൾ അടിച്ചുപൊളിച്ചു. കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ് 'റബ്ബർ പാൽ പോലൊരു പെണ്ണേ, കലാകാരി...' എന്ന് തന്നെക്കുറിച്ച് മണിച്ചേട്ടൻ പാടിയ പാട്ടുമായി റിമി ടോമി വേദിയിലെത്തി. 'ധാം കിണക്ക ത്ധില്ലം ത്ധില്ലം', 'ജിയ ചലേ', 'ഊവശി ഊവശി', 'മുക്കാബല' തുടങ്ങിയ ചടുലഗാനങ്ങളായിരുന്നു പിന്നീട് വേദിയിൽ.
ഓർക്കസ്ട്രയെയും സൗണ്ട് എൻജീനിയർമാരെയും കൊറിയോഗ്രാഫർമാരെയും പരിചയപ്പെടുത്തിയ ശേഷം ഒടുവിൽ തലയുടെ വാസ്‌കോഡഗാമ ഗാനം പാടി കലാശക്കൊട്ടിലേക്ക്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL