പാവറട്ടി : ഓണാഘോഷത്തോടനുബന്ധിച്ച് മുല്ലശ്ശേരി കനാലിൽ സംഘടിപ്പിച്ച ഇടിയഞ്ചിറ ജലോത്സവത്തിൽ ജലീൽ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി മടപ്ലാതുരുത്ത് സ്വന്തമാക്കി. ജില്ലാ പഞ്ചായത്തും ഇടിയഞ്ചിറ സൗഹൃദ കൂട്ടായ്മയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ വടക്കുംപുറം രണ്ടാമതും തട്ടുകത്തമ്മ മൂന്നാമതും സ്ഥാനങ്ങൾ നേടി. മികച്ച അമരക്കാരനും മികച്ച അണിയക്കാരനുമുള്ള പ്രത്യേക പുരസ്‌കാരങ്ങളും മടപ്ലാതുരുത്ത് വള്ളം കരസ്ഥമാക്കി. മത്സര വിജയികൾക്ക് സി. രവീന്ദ്രനാഥ് എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച ജലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് കർമ്മം എസ്.ഐ: കെ.എച്ച്. റഷീദ് നിർവഹിച്ചു. ചടങ്ങിൽ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ് ഹബീബ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, സംഘാടക സമിതി ഭാരവാഹികളായ കെ.എ. ബാലകൃഷ്ണൻ, എ.എസ്.എം. അസ്ഗറലി തങ്ങൾ, ബെന്നി ആന്റണി, ശരവണൻ പാടൂർ, കെ.ജെ. സുബീഷ് എന്നിവരും ജനപ്രതിനിധികളായ റസിയ ഇബ്രാഹിം, എം.ബി. സെയ്തു മുഹമ്മദ്, ബുഷറ അക്ബർ, ടി.വി. ഹരിദാസൻ, ആർ.പി. റഷീദ് തുടങ്ങിയവരും സംസാരിച്ചു. ജലോത്സവ വേദിയിൽ വിവേകാനന്ദ സ്വിമ്മിംഗ് അക്കാഡമിയിലെ ബാലികമാരുടെ ജലശയന പ്രദർശനം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |