ചാവക്കാട്: കിഴക്കൻ മേഖലയിൽ പാടശേഖരങ്ങളിൽ നിന്നും വലിയ രീതിയിൽ ഒഴുകിയെത്തുന്ന ചണ്ടിയും കുളവാഴകളും നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെട്ടത് മൂലം കായലിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മത്സ്യതൊഴിലാളികൾ ദുരിതത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഉണ്ടായ സാഹചര്യത്തിൽ എനാമാവ് റെഗുലേറ്റർ തുറന്നതോടെ ശക്തമായ രീതിയിലാണ് കുളവാഴയും ചണ്ടിയും വരുന്നത്. പുഴയിൽ നല്ല രീതിയിൽ മത്സ്യം ഉണ്ടായിട്ടും കായലോര മത്സ്യതൊഴിലാളികൾക്ക് മത്സ്യം പുഴയിൽ നിന്ന് പിടിക്കാൻ പറ്റാത്ത സാഹചര്യമാണ്. ചാവക്കാട് താലൂക്ക് പരിധിയിലെ പത്തോളം പഞ്ചായത്തുകളിലെ കായലോര മത്സ്യത്തൊഴിലാളികളാണ് ഈ ഭീഷണി നേരിടുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിരവധി തവണ പരാതി പറഞ്ഞിട്ടും ശാശ്വതമായ പരിഹാരം കാണാൻ അവർക്ക് സാധിച്ചിട്ടില്ല. കുളവാഴയും ചണ്ടിയും തിങ്ങി നിറഞ്ഞത് മൂലം കായലിന്റെ ഇരുവശവുമുള്ള വീട്ടുകാർക്ക് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കായലോര മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വലിയ രീതിയിൽ ലഭിക്കുന്ന സമയമാണ് ഇപ്പോൾ. മാത്രമല്ല,കടലിലേക്കും കുളവാഴയും ചണ്ടിയും ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. കടലിലെ മത്സ്യതൊഴിലാളികൾ കരയിൽ വല ഉപയോഗിച്ച് ഈ സീസണിൽ പിടിക്കുന്ന കൂന്തലും ഞണ്ടും പിടിക്കാൻ പറ്റാത്ത സാഹചര്യമാണ് കുള വാഴയും ചണ്ടിയും ചീഞ്ഞ് കിടക്കുന്നതുമൂലം ഉണ്ടായിട്ടുള്ളത്. അടിയന്തരമായി സംസ്ഥാന സർക്കാരും ഇറിഗേഷൻ വകുപ്പും ഇടപെട്ട് മത്സ്യ തൊഴിലാളികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും കിഴക്കൻ മേഖലയിൽ നിന്ന് പുഴയിലേക്കും കടലിലേക്കും വരുന്ന കുളവാഴയും ചണ്ടിയും എത്രയും പെട്ടെന്ന് നീക്കം ചെയ്ത് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പുഴയിലേക്കും കടലിലേക്കും വരുന്ന കുളവാഴയും ചണ്ടിയും എത്രയും പെട്ടെന്ന് നീക്കം ചെയ്ത്,ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ വേണ്ട നടപടി അടിയന്തിരമായി അധികൃതർ സ്വീകരിക്കണം
-സി. മുസ്താഖ് അലി (മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |