കൊടുങ്ങല്ലൂർ : ദേശീയപാത പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടത് അപകടക്കെണിയായി മാറി. പാതയുടെ പല സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് നാശമായി കിടക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം എൻ.എച്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വ്യാപകമായി ചെറുകുഴികൾ ഉണ്ടായ സ്ഥലങ്ങളും നിരവധിയാണ്. ഇതിൽ തന്നെ മുനമ്പം കവല, ആലുംമാവ്, ലേബർ ജംഗ്ഷൻ, കണ്ണംകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും കുഴികളിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും പരിക്കേൽക്കുന്നതും പതിവായി. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടസാദ്ധ്യതകൾ. സ്ഥിരയാത്രക്കാരല്ലാത്തവർ വെളിച്ചക്കുറവുമൂലം പെട്ടെന്ന് കുഴി കാണുമ്പോൾ വെട്ടിച്ചു മാറ്റുമ്പോഴും കുഴികളിൽ ചാടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടോ ആണ് അപകടം പതിവാകുന്നത്. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിലടിക്കുന്നതും ഇത്തരം അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. കുഴികൾ താത്കാലികമായി അടച്ചവയാണെങ്കിലും കനത്ത മഴയെ തുടർന്ന് കൂടുതൽ വലുതാവുകയായിരുന്നു. കോൺക്രീറ്റ് മിശ്രിതവും,ടാർ മിശ്രിതവും കുഴിയടയ്ക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്നു.ഇതിൽ കുറഞ്ഞ ചെലവിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ചകുഴികളാണ് പൂർണമായി മിശ്രിതം പോയി വീണ്ടും വലിയ കുഴികളായത്. ഇതിനുപയോഗിച്ച മെറ്റൽ റോഡിലാകെ പരന്നുകിടക്കുകയാണ്. പുതിയ ദേശീയപാത നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധികൃതർ നിലവിലെ ദേശീയ പാതയെ പൂർണമായി അവഗണിക്കുന്നതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 7 ന് സൂചന പണിമുടക്ക് നടത്തും. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ സെപ്തംബർ 15 ന് അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |