വടക്കാഞ്ചേരി: ഭൂമിയും വീടുമില്ലാത്ത 140 കുടുംബങ്ങൾക്ക് വീട് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പ് ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം വർഷങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയായില്ല.
2 ഏക്കർ 28 സെന്റ് സ്ഥലത്ത് നാല് ബ്ലോക്കുകളിലായി 140 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കാനായിരുന്നു പദ്ധതി. ഉദ്യാനം, കളിസ്ഥലം, എട്ട് മീറ്റർ വീതിയുള്ള റോഡ്, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടെയായിരുന്നു പദ്ധതി. 2020 ജൂലൈയിൽ കെട്ടിടം ഗുണഭോക്താക്കൾക്ക് കൈമാറുമെന്നായിരുന്നു അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചത്.
എന്നാൽ, നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഇതോടെ കോടികൾ ചെലവഴിച്ച പദ്ധതി ഇന്ന് കോൺക്രീറ്റ് കാടായി. അനുവദിച്ച 20 കോടി രൂപയിൽ വലിയൊരു തുക കമ്മീഷനായി വിവിധ മേഖലകളിലുള്ളവർക്ക് പോയെന്ന ആരോപണവുമുണ്ട്.
ഫ്‌ളാറ്റും വിവാദത്തിൽ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ ഫ്‌ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയാണെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും പദ്ധതിയെ കൂടുതൽ വിവാദത്തിലാക്കി.
വെള്ളമില്ലാത്ത പ്രദേശം
എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത പ്രദേശമാണ് ഫ്‌ളാറ്റ് നിർമ്മിക്കാൻ കണ്ടെത്തിയത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചരൽപറമ്പിൽ നിർമ്മാണത്തിനായി നിരവധി കുഴൽക്കിണറുകൾ കുഴിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. തുടർന്ന് ലോറികളിൽ വെള്ളമെത്തിച്ചാണ് നിർമ്മാണം മുന്നോട്ടുകൊണ്ടുപോയത്.
പുനർനിർമാണവും അനിശ്ചിതത്വത്തിൽ
സർക്കാർ ഭരണതുടർച്ച നേടിയതോടെ ഫ്‌ളാറ്റ് നിർമ്മാണം പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് ഫ്‌ളാറ്റ് സമുച്ചയം സന്ദർശിച്ചു. കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് വിജിലൻസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതായും പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കൈമാറിയതായും അധികൃതർ അറിയിച്ചു.
ഫ്‌ളാറ്റ് സർക്കാർ ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് മുൻ എം.എൽ.എ അനിൽ അക്കരയുടെ ആവശ്യം.
ലൈഫ് മിഷൻ ഫ്‌ളാറ്റ്
ഗുണഭോക്താക്കൾ: 140 കുടുംബങ്ങൾ
സ്ഥലം: 2 ഏക്കർ 28 സെന്റ്
അനുവദിച്ച തുക: 20 കോടി
പ്രതീക്ഷിച്ച കൈമാറ്റം: 2020 ജൂലൈ
നിർധന ജനങ്ങളെ വെല്ലുവിളിക്കരുത്. ഫ്‌ളാറ്റ് ഉടൻ യാഥാർത്ഥ്യമാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണം. അഴിമതിക്കാരെ കൽത്തുറുങ്കിലടക്കണം.
വി. അനിരുദ്ധൻ പൊതുപ്രവർത്തകൻ
'നിർമ്മാണത്തിൽ നടന്ന കോടികളുടെ അഴിമതി ഞെട്ടിക്കുന്നതാണ്. ഉത്തരവാദികൾ മുൻ സർക്കാരാണ്. നഗരസഭ മുൻ ഭരണസമിതിക്കും അഴിമതിയിൽ പങ്കുണ്ട്. ഇടത് മുന്നണി പുലർത്തുന്ന മൗനം ദുരൂഹമാണ്.
എസ്.എ.എ. ആസാദ്
നഗരസഭ പ്രതിപക്ഷ നേതാവ്
(പരമ്പര അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |