
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസുമായി ചേർന്ന് തൃശൂരിൽ നിന്ന് കാശ്മീരിലെ ലഡാക്കിലേക്കുള്ള ലഹരിവിരുദ്ധ ബോധവത്കരണ യാത്രയ്ക്ക് തുടക്കം. ബിയോണ്ട് വീൽസ് റൈഡേഴ്‌സ് ക്ലബ് അംഗങ്ങളും മരോട്ടിച്ചാൽ സ്വദേശികളുമായ കെ.ജെയ്‌നോ ജോൺ, ജോൺ കെ.ജോജിൽ എന്നിവരാണ് യാത്ര നടത്തുന്നത്. തൃശൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്മിഷണർ നകുൽ ആർ.ദേശ്മുഖ്, നാർക്കോട്ടിക് അസി.കമ്മിഷണർ പി.ഷിബു എന്നിവർ ചേർന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. 'സേ നോ ടു ഡ്രഗ്‌സ്' എന്ന മുദ്രാവാക്യമുയർത്തി സിന്തറ്റിക് ലഹരികളല്ല, ജീവിതം തന്നെയാണ് യഥാർത്ഥ ലഹരിയെന്ന സന്ദേശം യാത്രയിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കേബിൾ ടി.വി ഓപ്പറേറ്ററായ കെ.ജെയ്‌നോ ജോണും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ജോൺ കെ.ജോജിലും അടുത്ത കൂട്ടുകാരാണ്. ജെയ്‌നോ ജോൺ 2024 ഡിസംബറിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് സ്‌കേറ്റിംഗ് നടത്തി ശ്രദ്ധേയനായിരുന്നു. ലഹരിക്കെതിരെയുള്ള പൊലീസിന്റെ പോരാട്ടത്തിൽ കൂടുതൽ യുവാക്കളെ അണിനിരത്തുകയും പങ്കാളികളാക്കുകയുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |