അത്താണി: തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) യുടെ കീഴിൽ ജോലി ചെയ്യുന്നത് 500 ഓളം തൊഴിലാളികൾ. സർക്കാർ ആശുപത്രിയിലാണ് ജോലിയെങ്കിലും ചെയ്യുന്നത് അടിമപണി. ശമ്പളം നാമമാത്രം. 65 വയസുവരെ ജോലിയിൽ തുടരാമെങ്കിലും വിരമിക്കുമ്പോൾ ചില്ലിക്കാശ് ലഭിക്കില്ല. അപകടം സംഭവിച്ചാൽ പോലും ആനുകൂല്യമില്ല. അവധി അനുവദിക്കുന്നത് തന്നെ ശമ്പളമില്ലാതെ. 25-30 വർഷത്തിലേറെ ജോലി ചെയ്യുന്നവരാണ് ഏറെയും. ഭൂരിഭാഗവും നിർദ്ധന കുടുംബാംഗങ്ങളും.
പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയുള്ള എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) പ്രസിഡന്റ് കെ.എൻ.നാരായണൻ നടത്തുന്ന പോരാട്ടം വിജയപഥത്തിലേക്ക്. 2014 സെപ്റ്റംബർ 22 ന് ഇ.എസ്.ഐയിലെ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ നടത്തിയ പരിശോധനയിൽ തൊഴിലാളികൾക്ക് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് നിഗമനത്തിലെത്തി. മെഡിക്കൽ കോളേജിന് നോട്ടീസ് നൽകി. നടപടികളുടെ ഭാഗമായി 2013 മുതൽ 2016 വരെയുള്ള ഇ.എസ്.ഐ വിഹിതമായി 30,68,020 രൂപ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇതിനെതിരെ മെഡിക്കൽ കോളേജ് സ്‌റ്റേ വാങ്ങി. 1,53,410 രൂപ അടച്ചാൽ മതിയെന്ന ഉത്തരവ് നേടി. എങ്കിലും ജീവനക്കാർ ഇ.എസ്.ഐ പരിധിയിൽപെടുമെന്ന നിലപാടിൽ ഇ.എസ്.ഐ.ഡെപ്യൂട്ടി ഡയറക്ടർ ഉറച്ച് നിന്നു. തൊഴിലാളികൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയാണെന്നും കണ്ടെത്തി. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കുടിശ്ശിക 48 ,44,733 രൂപ എച്ച്.ഡി.എസ് അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്തു. 2022 ഫെബ്രുവരിയിൽ ചേർന്ന എച്ച്.ഡി.എസ് ജനറൽ ബോഡി ഇ.എസ്.ഐ നിലപാടിനെ അംഗീകരിച്ചു. അന്നത്തെ ആശുപത്രി സൂപ്രണ്ടിന്റെ എതിർപ്പിനെ തുടർന്ന് തൊഴിലാളികൾ പരിധിക്ക് പുറത്ത് തന്നെ നിലകൊള്ളുന്നു.
തൊഴിലാളികൾക്ക് നിർബന്ധമായും ഇ.എസ്.ഐ ആനുകൂല്യം നൽകണം. പുതിയ സർക്കാരിന്റേയും ആശുപത്രി മാനേജുമെന്റിന്റേയും നിലപാട് ശ്ലാഘനീയമാണ്. ഇ.എസ്.ഐ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷിചേർന്നിട്ടുണ്ട്. ഒക്ടോബർ 12 ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടി ആരോഗ്യ വകുപ്പിൽ സമ്മർദ്ദം ചെലുത്തും.
-കെ.എൻ. നാരായണൻ (എച്ച്.ഡി.എസ്. എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |