
എതിരാളികൾ ഫോഴ്‌സ കൊച്ചി
തൃശൂർ: ആദ്യമത്സരത്തിൽ കണ്ണൂരിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട തൃശൂർ മാജിക് എഫ്.സി വിജയം ലക്ഷ്യമിട്ട് ഇന്ന് തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങും. ഫോഴ്സ കൊച്ചിക്കെതിരെ വൈകിട്ട് 7.30ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഒരു ഗോളിന് കപ്പ് നഷ്ടപ്പെട്ട തൃശൂരിന് ഇന്ന് നിർണായകമാണ്.കണ്ണൂർ വാരിയേഴ്സിന്റെ സ്പാനീഷ് താരം അസിയർ ഗോമസായിരുന്നു ആദ്യ മത്സരത്തിൽ തൃശൂരിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. പ്രതിരോധ നിരയിലെ പോരായ്മകളും തൃശൂരിനെ വലയ്ക്കുന്നുണ്ട്. കുന്നംകുളം സ്വദേശി കമാലൂദ്ദീനായിരുന്നു കഴിഞ്ഞ മത്സരത്തിൽ തൃശൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ ഒരു വിദേശ താരത്തെ മാത്രം കളത്തിലിറക്കിയാണ് മാജിക് എഫ്.സി കളത്തിലിറങ്ങിയത്. ഗോവയിൽ നിന്നുള്ള ഇന്ത്യൻ ഇന്റർനാഷ്ണൽ ലെനി റൊഡ്രിഗസാണ് ടീം നിലനിറുത്തിയ പ്രധാന താരം. മദ്ധ്യനിര താരമായ ലെനി കഴിഞ്ഞ തവണ ടീമിന്റെ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു. മോഹമ്മദ് ജിയാദ്, മോഹമ്മദ് അഫ്സൽ, നവീൻ കൃഷ്ണ, സെന്തമിഴ്, കമാലുദ്ധീൻ എന്നിവരെയും ടീം നിലനിർത്തി. കമാലുദ്ധീനാണ് ഗോൾവല കാക്കുന്നത്.
ഇവർ കളത്തിലിറങ്ങും
ഹെൻട്രി പ്ലാസ മെൻഡോസ (വെനസ്വേല), ബ്ലാഡമിർ അംഗുലോ (കൊളംബിയ), സെർജിയോ ഗിൽ (സ്പെയിൻ) എകെജിയുബ (നൈജീരിയ) എന്നിവരാണ് വിദേശതാരങ്ങൾ. എസ്. സന്ദീപ്, മോഹമ്മദ് അൻഷിദ്, മോഹമ്മദ് മിധിലാജ്, സിലാജിത്ത്, പബിത്ര മണ്ടി, രഞ്ജൻ സോറൻ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. സ്പാനിഷ് താരമായിരുന്ന ഡേവിഡ് കനേഡയാണ് പരിശീലകൻ. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊച്ചിയുടെ വരവ്. പകരക്കാരനായിയെത്തിയ രാഹുൽ രാജുവായിരുന്നു കൊച്ചിയുടെ വിജയശില്പി. കഴിഞ്ഞ സീസണിൽ കൊച്ചി ഒൻപത് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |