SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

 'അക്കാഡമിയിൽ രാഷ്ട്രീയ വിവേചനമുണ്ടാകില്ല, സാഹിത്യോത്സവമല്ല, ഇനി സാംസ്‌കാരികോത്സവം'

r

തൃശൂർ: എഴുത്തുകാരുടെ രാഷ്ട്രീയ നിലപാടുകളല്ല, മറിച്ച് എഴുത്തിന്റെ മികവും സാഹിത്യ മൂല്യവുമാണ് പ്രധാനമെന്നും കേരള സാഹിത്യ അക്കാഡമിയിൽ യാതൊരു രാഷ്ട്രീയ വിവേചനങ്ങളും ഉണ്ടാകില്ലെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ. ചുമതലയേറ്റ ശേഷം തൃശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. അക്കാഡമി സെക്രട്ടറിയായി ചുമതലയേറ്റ എം.പി. സുരേന്ദ്രനും ഒപ്പമുണ്ടായി. അക്കാഡമി അവാർഡുകൾ നിർണയിക്കുന്നതിൽ കൂടുതൽ സുതാര്യതയും നീതിനിഷ്ഠതയും ഉറപ്പുവരുത്തും. ഗ്രേഡിംഗ് സമ്പ്രദായവും നിയമാവലികളും കർശനമായി നടപ്പിലാക്കുമെന്നും എം.പി.സുരേന്ദ്രൻ വിശദീകരിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു എഴുത്തുകാരനെയും മാറ്റിനിറുത്തില്ല. എല്ലാവരെയും ഉൾക്കൊണ്ട് സുതാര്യമായാകും അക്കാഡമി പ്രവർത്തിക്കുക- ഇരുവരും പറഞ്ഞു.

ലക്ഷ്യം സാംസ്‌കാരികോത്സവം

പരമ്പരാഗത രീതിയിലുള്ള സാഹിത്യോത്സവങ്ങൾക്ക് പകരം പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ആലോചിക്കുന്നതെന്ന് കൽപ്പറ്റയും എം.പി.എസും പറഞ്ഞു. കേരള ലളിതകലാ, സംഗീത നാടക അക്കാഡമി തുടങ്ങിയ എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളെയും ടൂറിസം,വനം വകുപ്പുകളെയും ഏകോപിപ്പിച്ച് വിപുലമായ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും. സാംസ്‌കാരികോത്സവത്തിന്റെ ആദ്യവേദി തൃശൂരാകും.

വിതരണം കാര്യക്ഷമമാക്കും

സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാഹിത്യ അക്കാഡമിയുടെ പുസ്തക വിതരണ ശൃംഖല കാര്യക്ഷമമാക്കും. അക്കാഡമി പ്രസിദ്ധീകരണങ്ങൾ പ്രമുഖ പ്രസാധകരുടെ പുസ്തക ശാലകൾ വഴി ലഭ്യമാക്കും. അക്കാഡമിക്കായി അനുവദിച്ച പ്ലാൻ ഫണ്ട് പൂർണമായി ലഭ്യമാകാത്ത സാഹചര്യമുണ്ട്. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന- എം.പി.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ലളിതമാകണം, കേരളഗാനം !

കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനും ആസ്വദിച്ച് ആലപിക്കാനും സാധിക്കുന്ന വിധം ലളിതമായ ഒരു കേരള ഗാനം തയ്യാറാക്കും. കേരളഗാനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പഠിച്ചുവരുന്നതേയുള്ളൂവെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL