
തൃശൂർ: രണ്ട് ദിവസത്തെ സരസ്വതീപൂജകൾക്ക് ശേഷം നാളെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം നുകരും. ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തുന്നത് ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന് മുന്നിൽ ആയിരക്കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിക്കും. മഹാനവമി ദിവസവും മീനത്തിലെ അത്തം നാളും ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്ന ക്ഷേത്രമാണ് തിരുവുള്ളക്കാവ്. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ നാളെ രാവിലെ 7.30ന് പൂജയെടുപ്പിന് ശേഷം ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിദ്യാരംഭച്ചടങ്ങ് നടക്കും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും വിജയദശമി നാളിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ അവസരമൊരുക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ പൂജയെടുപ്പിന് ശേഷമാണ് ചടങ്ങ്. വടക്കുന്നാഥൻ ക്ഷേത്രം, പാറമേക്കാവ്, കുളശേരി, മിഥുനപ്പിള്ളി, അശോകേശ്വരം ക്ഷേത്രങ്ങളിലും നാളെ എഴുത്തിനിരുത്തൽ നടക്കും. ഇന്നലെ ക്ഷേത്രങ്ങളിൽ വൻതിരക്കായിരുന്നു. മഹാനവമി ദിനമായ ഇന്ന് സരസ്വതി മണ്ഡപങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |