തൃശൂർ: കളക്ടറേറ്റ് പരിസരത്ത് വീണ്ടും പക്ഷിശല്യം രൂക്ഷം. ദേശാടനപ്പക്ഷികളുടെ കാഷ്ടവും ചത്ത പക്ഷികളുടെ ജഡങ്ങളും നിറഞ്ഞ് നടപ്പാതകളും റോഡും വൃത്തിഹീനമാണ്. രൂക്ഷമായ ദുർഗന്ധം മൂലം കളക്ടറേറ്റിലെത്തുന്നവരും പരിസരത്തെ കച്ചവടക്കാരും താമസക്കാരും ദുരിതത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കളക്ടറേറ്റ്, കോടതികൾ, മറ്റു സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെത്തുന്നവർ, ഓട്ടോടാക്‌സി ഡ്രൈവർമാർ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ, കുട്ടികളുടെ പാർക്കിലെ സന്ദർശകർ തുടങ്ങി നൂറുകണക്കിന് പേരാണ് പക്ഷിശല്യം നേരിടുന്നത്. ഏതാനും വർഷങ്ങളായി സീസൺ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് പക്ഷികളാണ് കളക്ടറേറ്റിനും കുട്ടികളുടെ പാർക്കിനും സമീപത്തെ മരച്ചില്ലകളിൽ കൂട്ടുകൂടുന്നത്. ഇവയുടെ കാഷ്ടം റോഡിലും നടപ്പാതയിലും നിറയും. കളക്ടറേറ്റിലേക്ക് നടന്നും ഇരുചക്രവാഹനങ്ങളിലും എത്തുന്നവരുടെ ദേഹത്തും വാഹനങ്ങളിലും കാഷ്ടം വീഴുന്നത് ഇവിടെ പതിവ് കാഴ്ച്ചയാണ്. നടപ്പാതയിലെ ചുവന്ന ടൈലുകൾ നിലവിൽ കാഷ്ടം വീണ് വെളുത്ത നിറത്തിലാണ്. കഴിഞ്ഞ വർഷം പക്ഷികൾ കൂടുകൂട്ടുന്ന കളക്ടറേറ്റിന് സമീപത്തെയും സിവിൽ ലൈൻ പാർക്കിലെയും പാഴ്മരങ്ങളുടെ ഏതാനും ചില്ലകൾ മുറിച്ചുമാറ്റിയിരുന്നു. എന്നിട്ടും ഈ സീസണിൽ പക്ഷിശല്യം കുറഞ്ഞിട്ടില്ല.
രോഗ ഭീതിയും
കാഷ്ടത്തിന്റെ പൊടി കാറ്റിൽ വ്യാപിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കളക്ടറേറ്റിന്റെ പ്രധാന കവാടം കടക്കുമ്പോൾ പലരും തല മൂടിയാണ് പോകുന്നത്. പരിസരത്തെ റോഡും നടപ്പാതയും വൃത്തിയാക്കുന്ന കോർപ്പറേഷൻ തൊഴിലാളികൾ പക്ഷിക്കാഷ്ടം ശരീരത്തിൽ വീഴാതിരിക്കാൻ വെയിലത്തുപോലും റെയിൻകോട്ട് ധരിച്ചാണ് ശുചീകരണം നടത്തുന്നത്. ദുർഗന്ധവും വൃത്തിഹീനമായ സാഹചര്യവും ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |