അമ്പലവയൽ: ഷജീറിന്റെ ചിക്കൻ മന്തിയുടെ രുചി അറിയാൻ എത്തിയത് 1500 പേർ. തന്റെ ഇഷ്ട ടീമായ സ്‌പെയിൻ ലോകകപ്പിൽ ജേതാക്കളായതോടെയാണ് അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ സൗജന്യമായി മന്തിവിളമ്പിയത്. സ്‌പെയിൻ ലോകകപ്പ് ജേതാക്കളായാൽ 1000 പേർക്ക് മന്തി വിളമ്പും എന്നതായിരുന്നു പ്രഖ്യാപനം. എന്നാൽ ഷജീർ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാനായി എത്തിയത് 1500 ഓളം പേരാണ്. രാവിലെ 11 മണിയോടെയാണ് മന്തി വിളമ്പാൻ തുടങ്ങിയത്. ഷജീറിനെ സഹായിക്കാനായി അമ്പലവയലിലെ നിരവധി യുവാക്കളും രംഗത്തെത്തിയിരുന്നു. ആളുകളെ സൽക്കരിച്ചിരുത്തി വയറു നിറയുന്നത് വരെ രുചികരമായ മന്തി വിളമ്പി നൽകുകയായിരുന്നു. പത്തുവർഷത്തിലേറെയായി സ്‌പെയിൻ ടീമിനെ ഇഷ്ടപ്പെടുന്ന ഷജീർ കളികൾ എല്ലാം മുടക്കമില്ലാതെ കാണും. ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ സ്‌പെയിൻ ജേതാക്കൾ ആകുമെന്ന് ഷജീർ ഉറപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയതോടെ ഷജീർ കൂടുതൽ ആവേശത്തിലായി. അങ്ങനെയാണ് അർജന്റീന ആരാധകരുമായി പന്തയം വെക്കുന്നത്. സ്‌പെയിൻ ജേതാക്കൾ ആകും എന്നും ജേതാക്കളായാൽ തൊട്ടടുത്ത ദിവസം തന്നെ മന്തി വിളമ്പും എന്നായിരുന്നു ഷജീറിന്റെ പ്രഖ്യാപനം. വെറും വാക്കാകും എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഷജീറിന്റെ പ്രഖ്യാപനം കേട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്‌പെയിൻ ആരാധകർ ഷജീറിന് സഹായവുമായി രംഗത്ത് എത്തിയിരുന്നു. അങ്ങനെയാണ് 1500 പേർക്ക് മന്തി വിളമ്പിയത്. ഉച്ചയ്ക്ക് 12:30 ഓടെ തന്നെ മന്തി പൂർണ്ണമായും തീർന്നു. ആളുകൾക്ക് ഭക്ഷണം നൽകിയപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമായി എന്ന് ഷജീർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |