
വാഷിംഗ്ടൺ: ഏറെ അനിശ്ചിതത്വങ്ങൾക്കും വെല്ലുവിളികൾക്കുമൊടുവിൽ യുഎസും ഇറാനും ഇടക്കാല സമാധാന കരാറിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സമാധാന കരാറിന്റെ ഭാഗമായി ഇറാന് 300 മില്യൺ ഡോളർ പുനർനിർമ്മാണ ഫണ്ട് നൽകുമെന്ന വാർത്തകൾ തള്ളിയിരിക്കുകയാണ് പ്രസിഡന്റ്.
'ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ, യുഎസ് ഇറാന് 300 മില്യൺ ഡോളർ നൽകുന്നുവെന്ന വാർത്ത വ്യാജമാണ്'- എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്. ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ, ഉപരോധ ഇളവുകൾ, മാനദണ്ഡങ്ങൾ പാലിച്ചാൽ ഇറാനെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് 300 മില്യൺ ഡോളർ ഫണ്ട് എന്നിവ ധാരണാപത്രത്തിലുണ്ടെന്ന വാർത്തകളാണ് പ്രചരിച്ചത്. എന്നാൽ ജൂൺ 19ന് ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് ശേഷം 60 ദിവസത്തെ ചർച്ചകൾക്കുള്ളിൽ ഇറാന്റെ ആണവ വിഷയത്തിൽ അന്തിമ കരാറിലെത്തുമെന്നാണ് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ധാരണാപത്രത്തിന്റെ പകർപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസ് ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചത്. ഏപ്രിൽ എട്ടിന് വെടിനിറുത്തൽ നിലവിൽ വന്നത് മുതൽ സമാധാന കരാറിനുള്ള ശ്രമം മദ്ധ്യസ്ഥ രാജ്യങ്ങൾ നടത്തിവരികയായിരുന്നു. യുഎസിന്റെ കടുംപിടുത്തവും വഴങ്ങില്ലെന്ന ഇറാന്റെ വാശിയുമാണ് ചർച്ചകളെ വഴിമുട്ടിച്ചത്. ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. പ്രസിഡന്റ് ട്രംപോ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസോ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |