SignIn
Kerala Kaumudi Online
Friday, 17 July 2026 8.55 PM IST

പെഡ്രോ സാഞ്ചസ് ലോകകപ്പ് ഫൈനല്‍ കാണാനെത്തും; 'ശത്രു'വിനെ സ്വന്തം നാട്ടില്‍ നേരിട്ട് കാണാന്‍ ട്രംപും മെറ്റ്‌ലൈഫില്‍

pedro-sanchez
പെഡ്രോ സാഞ്ചസ്, ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂ ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ഒരു രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്ക് കൂടി വേദിയാകും. ലയണല്‍ മെസിയുടെ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുന്ന ഫൈനല്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് ആണ്. ലോകകപ്പ് ഫൈനല്‍ കാണാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്‌റ്റേഡിയത്തിലെത്തും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഫൈനലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തുന്നുണ്ട്. അതോടെയാണ് ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനം കൈവരുന്നത്.

പ്രധാനമന്ത്രിക്ക് പുറമേ സ്പാനിഷ് രാജകുടുംബവും സ്‌പെയിന്‍ - അര്‍ജന്റീന ഫൈനല്‍ മത്സരം കാണാനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമീപകാല രാഷ്ട്രീയ വിഷയങ്ങളില്‍ അമേരിക്കയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും അതിനനുസരിച്ച് നിലപാട് കൈക്കൊള്ളുകയും ചെയ്ത വ്യക്തിയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഒരുവേള സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിക്കുമെന്ന് അങ്കാരയിലെ ഉച്ചകോടിയില്‍ ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇറാനിലെ അമേരിക്ക - ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണം, നാറ്റോയിലെ സ്‌പെയിന്റെ ഇടപെടലുകളും സംഭാവനയും, ഗാസയിലെ ഹമാസ് -ഇസ്രായേല്‍ സംഘര്‍ഷം എന്നീ വിഷയങ്ങളില്‍ പെഡ്രോ സാഞ്ചസ് ട്രംപുമായി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരായ ആക്രമണ വേളയില്‍ യുഎസിന് സ്പെയിനിന്റെ സൈനിക താവളങ്ങളുടെയും വ്യോമാതിര്‍ത്തിയുടെയും ഉപയോഗം നിഷേധിച്ചിരുന്നു. ഇത് ട്രംപിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEDRO SANCHEZ, DONALD TRUMP, FIFA WORLD CUP, FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360