ന്യൂഡൽഹി: യുഎസ് ഇറാൻ വെടിനിർത്തൽ കരാര്‍ അവസാനിച്ചതോടെ ആഗോള ക്രൂഡ്ഓയില്‍ വില കുതിച്ചുയരുകയാണ്. ഇന്ന് ആദ്യ മിസൈല്‍ വീണ് മണിക്കൂറുകള്‍ക്കകം ക്രൂഡ് ഓയിൽ വില ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ബ്രെന്റ് ക്രൂഡ് നിലവില്‍ 80 ഡോളറിനടുത്താണ്. സമാധാന കരാര്‍ പൊളിഞ്ഞെന്നും ഇനി ചര്‍ച്ചയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന എണ്ണ വില വീണ്ടും ഉയരുന്നതിനിടയാക്കും.
ആഗോളതലത്തിൽ വലിയ സാമ്പത്തിക സുരക്ഷാ പ്രതിസന്ധികൾക്കാണ് ട്രംപിന്റെ പ്രഖ്യാപനം കാരണമാകാൻ പോകുന്നത്. പ്രത്യേകിച്ച് ഊർജ്ജ ഇറക്കുമതിക്കായി പശ്ചിമേഷ്യയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാകും. കാരണം ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കാറുണ്ട്.
നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആഗോളതലത്തിൽ എണ്ണവില വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറയാൻ പൊതുജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നത് ഏറെക്കുറേ ഉറപ്പായി. ഇനി ഹോർമൂസ് കടലിടുക്ക് പൂർണമായി അടയ്ക്കപ്പെട്ടാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ സാദ്ധ്യത ഏറെയാണ്. ബാരലിന് 120 മുതൽ 130 ഡോളർ വരെയായി ഉയർന്നേക്കാം.
ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കുകയും കറന്റ് അക്കൗണ്ട് കമ്മി കൂടുകയും ചെയ്യും. ഇത് ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് എത്തിച്ചേക്കും. ഇന്ധനം, ഭക്ഷണം, വളം എന്നിവയുടെ വില കുത്തനെ ഉയരുന്നതിനും കാരണമാകും. യുഎഇയിലേക്കുള്ള ഇലക്ട്രോണിക്സ്, ഇറാനിലേക്കുള്ള ബസ്മതി അരി തുടങ്ങിയ പശ്ചിമേഷ്യയിലേയ്ക്കുള്ള കയറ്റുമതി 50 ശതമാനത്തിലധികം കുറയാൻ സാദ്ധ്യതയുണ്ട്. ഇറാന്റെ ചബഹാർ തുറമുഖത്ത് ഇന്ത്യ നടത്തുന്ന വൻ നിക്ഷേപങ്ങൾക്കും ഈ യുദ്ധം വലിയ തിരിച്ചടിയായേക്കും.
ഇന്ത്യയെ മാത്രമല്ല ഇറാൻ അനുകൂല ഗ്രൂപ്പുകൾ ജലശുദ്ധീകരണ ശാലകളേയും വിതരണ ശൃംഖലകളും ആക്രമിച്ചാൽ കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമം നേരിടേണ്ടി വരും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ നിർമാണ മേഖലയെ ഇത് പ്രതികൂലമായി ബാധിക്കും.എൽഎൻജി ലഭ്യത കുറയുന്നത് വലിയ ഊർജ്ജ പ്രതിസന്ധിക്ക് വരെ കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇതിനകം തന്നെ ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയായതായാണ് റിപ്പോർട്ട്. പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് വലിയതോതില്‍ ഇടിഞ്ഞത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങള്‍ ഈ സാദ്ധ്യതയെ പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |