SignIn
Kerala Kaumudi Online
Monday, 26 October 2026 10.07 AM IST

ബ്രസീലിനെ നാലാം തവണയും നയിക്കാൻ ലൂല ഡ സിൽവ, വിജയിച്ച് കയറിയത് ഡൊണാൾഡ് ട്രംപിന്റെ വലിയ വിമർശകൻ

lula-da-silva
പാർട്ടി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്ന ലൂല ഡ സിൽവ

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ലൂല ഡ സിൽവയ്‌ക്ക് ബ്രസീൽ പ്രസി‌‌ഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. വിജയത്തിന് 50 ശതമാനം വോട്ട് വേണ്ട സ്ഥാനത്ത് ലൂലയ്‌ക്ക് 51.79 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയും തീവ്ര വലതുപക്ഷ സെനറ്ററുമായ ഫ്ളാവിയോ ബൊൽസൊനാരോ 48.21 ശതമാനം വോട്ടാണ് നേടിയത്. മുൻ തീവ്ര വലതുപക്ഷ നേതാവും ബ്രസീൽ പ്രസിഡന്റുമായിരുന്ന ജെയ്‌ർ ബൊൽസൊനാരോയുടെ മകനാണ് ഫ്‌ളാവിയോ.

ഇത് നാലാം തവണയാണ് ലൂല, ബ്രസീലിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലൂല അമേരിക്കൻ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തനായ വിമർശകൻ കൂടിയാണ്. ലൂല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ലാറ്റിൻ അമേരിക്കയിലെ രണ്ട് വലിയ രാജ്യങ്ങളിൽ ഇപ്പോൾ ഇടതുപക്ഷ ഭരണമാണ് നിലവിലുള്ളത്. മെക്‌സിക്കോയാണ് മറ്റൊരു രാജ്യം.

നാളെ 81 തികയുന്ന ലൂലയുടെ രാഷ്‌ട്രീയ ജീവിതത്തിൽ നിർണായകമായ വിജയമാണിത്. അദ്ദേഹത്തിന്റെ വർക്കേഴ്‌സ് പാർട്ടിയോട് ബ്രസീലിലെ ജനങ്ങൾ ഇടയ്‌ക്ക് അകലം പാലിച്ചിരുന്നു. രൂക്ഷമായ വിലക്കയറ്റവും അഴിമതി ആരോപണങ്ങളുമായിരുന്നു കാരണം. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരവ് നടത്തി അദ്ദേഹം. ഭാര്യയും ബ്രസീലിയൻ പ്രഥമ വനിതയുമായ റോസാഞ്ജല ഡ സിൽവയോടും പാർട്ടി പ്രവർത്തകരോടും ഒപ്പം വിജയം ആഘോഷിക്കുന്ന ലൂലയുടെ വീഡിയോ ഇതിനകം രാജ്യത്ത് വൈറലായിക്കഴിഞ്ഞു.

രണ്ട് ഘട്ടങ്ങളായാണ് ബ്രസീലിൽ തിരഞ്ഞെടുപ്പ് നടന്നത്. ഈമാസം 4ന് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ 47.03 ശതമാനം വോട്ടുമായി ഫ്ളാവിയോ ആണ് മുന്നിലെത്തിയത്. ലൂല 45.16 ശതമാനം വോട്ട് നേടി അന്ന്‌ രണ്ടാംസ്ഥാനത്തായി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. പിന്നാലെ വോട്ടെണ്ണൽ തുടങ്ങി. അൻപത് ശതമാനത്തിലേറെ വോട്ട് നേടിയതോടെ ലൂല വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം ലൂലയുടെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്‌തു. ബ്രിക്‌സ് കൂട്ടായ്‌മയെ തുടർന്നും ശക്തിപ്പെടുത്താൻ ലൂലയ്‌ക്ക് സാധിക്കട്ടെയെന്ന് ഇന്ത്യ ആശംസിച്ചു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് വിവരം.

English Summary

Lula da Silva has won the Brazilian presidential election for his fourth term, securing 51.79% of the vote. He defeated opponent Flávio Bolsonaro. This significant victory marks a return to leftist leadership in Brazil, making it one of two major Latin American nations now governed by leftist parties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULA DA SILVA, BRAZIL PRESIDENT, REELECTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360