SignIn
Kerala Kaumudi Online
Thursday, 29 October 2026 1.12 PM IST

പ്രവാസികൾക്ക് നാട്ടിലെത്താൻ ഇരട്ടിച്ചെലവ്;​ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുമോ? എയർ ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷം

air-india-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടം, തുടർച്ചയായി ഉയർന്നുനിൽക്കുന്ന ഇന്ധനവില, വ്യോമപാതകൾ അടച്ചിടേണ്ടിവന്ന സാഹചര്യം എന്നിവയെ തുടർന്ന് 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ) കമ്പനിയുടെ അറ്റനഷ്ടം 6,000 കോടി രൂപ കവിഞ്ഞതായി റിപ്പോർട്ട്.

മുൻ സാമ്പത്തിക വർഷത്തിൽ ഇതേ സമയത്ത് 3,000 കോടി രൂപയിലധികമായിരുന്നു നഷ്ടം. മുൻവർഷത്തേക്കാൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. എയർ ഇന്ത്യുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തിക പ്രതിസന്ധി കനത്ത വെല്ലുവിളിയാകും.

എയർ ഇന്ത്യ, 2026 സാമ്പത്തിക വർഷം അവസാനിപ്പിച്ചത് 22,000 കോടി രൂപയിലധികം സംയോജിത നഷ്ടത്തോടെയാണ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തിൽ ഏകദേശം 11,000 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഈ വർഷത്തെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ കമ്പനി പ്രവർത്തനപരമായി ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വ്യോമയാന മേഖലയിൽ ഉപയോഗിക്കുന്ന ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില വർദ്ധിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായതായാണ് വിവരം. പ്രവർത്തനച്ചെലവിന്റെ 50 ശതമാനത്തിലധികവും ഇപ്പോൾ ഇന്ധനത്തിനായാണ് ചെലവഴിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കൂടാതെ, വ്യോമപാതകളിലെ നിയന്ത്രണങ്ങൾ കാരണം യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സർവീസുകൾക്ക് ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടിവരുന്നതും എയർ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഇത് വിമാനങ്ങളുടെ പറക്കൽ സമയം വർദ്ധിക്കുന്നതിനൊപ്പം ഇന്ധന ഉപഭോഗവും ഉയർത്തുന്നു. മാത്രമല്ല, ഇത് ജീവനക്കാരുടെ വിന്യാസത്തെയും വിമാനങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വിദേശനാണയ വിനിമയ നിരക്കുകളിലെ ചാഞ്ചാട്ടത്തെത്തുടർന്ന് വിമാനങ്ങളുടെ പാട്ടച്ചെലവ് (ലീസ്), അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ കറൻസിയിൽ പണം ചെലവഴിക്കേണ്ടിവരുന്നത് മറ്റൊരു തിരിച്ചടിയാണ്. 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 1,500 കോടി രൂപയായിരുന്ന എയർ ഇന്ത്യ ഗ്രൂപ്പിന്റെ സംയോജിത വിദേശനാണയ നഷ്ടം 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 7,400 കോടി രൂപയായി ഉയർന്നു.

പാകിസ്ഥാന്റെ വ്യോമപാത അടച്ചതുമൂലം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 4,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നാണ് എയർ ഇന്ത്യ നേരത്തേ കണക്കാക്കിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങൾ കൂടി വന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതുമൂലം ദീർഘദൂര പാതകളിലൂടെ സർവീസ് നടത്തുമ്പോൾ കൂടുതൽ ഇന്ധനം ചെലവഴിക്കേണ്ടിവരുന്നു. യാത്രാമദ്ധ്യേ വിമാനങ്ങൾ ഇറക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അധിക ലാൻഡിംഗ് ചാർജുകളും നൽകേണ്ടിവരുന്നു.

എയർ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനച്ചെലവിലെ വർദ്ധനയും പ്രവാസികളുടെ യാത്രയെയും ടിക്കറ്റ് നിരക്കുകളെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. വിമാനങ്ങളുടെ ലഭ്യതയിലും സർവീസ് സമയക്രമത്തിലും മാറ്റങ്ങളുണ്ടായാൽ കണക്ഷൻ വിമാനങ്ങൾ ആശ്രയിക്കുന്ന യാത്രക്കാർക്കും നാട്ടിലേക്ക് അവധിക്കെത്തുന്ന പ്രവാസികൾക്കും അധിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം.

അതേസമയം, ചെലവുകൾ നിയന്ത്രിക്കുന്നതിനും പാഴ്‌ചെലവുകൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ എയർ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ചെലവുകൾ അവലോകനം ചെയ്യുന്നതിനും ലാഭിക്കാവുന്ന തുക കണ്ടെത്തുന്നതിനുമായി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കമ്മിറ്റി കമ്പനി രൂപീകരിച്ചിട്ടുണ്ട്.

"നാം ലാഭിക്കുന്ന ഓരോ രൂപയും ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ വീണ്ടും നിക്ഷേപിക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഉൽപ്പന്നങ്ങളുടെയും ഉപഭോക്തൃ അനുഭവത്തിന്റെയും നിലവാരം ഉയർത്തുക, ഭാവിയിലെ വളർച്ചയ്ക്കുള്ള അടിത്തറ ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ ഈ തുക വിനിയോഗിക്കാം.'- എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടെവോൾഡെ ഗെബ്രെമറിയം വ്യക്തമാക്കി.

കൂടാതെ, ചെലവ് ചുരുക്കുന്നതിനുള്ള നടപടികൾക്ക് എയർ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ചെലവുകളും പാഴ്‌ചെലവുകളും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സിഇഒയ്ക്ക് അധികാരവും നൽകിയിട്ടുണ്ട്.

English Summary

Air India Group’s net loss exceeded ₹6,000 crore in Q1 FY27, doubling from over ₹3,000 crore a year earlier. Rising aviation fuel prices, foreign exchange fluctuations and airspace restrictions have increased operating costs. The airline reported a consolidated loss exceeding ₹22,000 crore in FY26. Air India is implementing cost-cutting measures to reduce expenditure, improve efficiency and strengthen future growth prospects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA FINANCIAL CRISIS, AIR INDIA FLIGHT TICKET PRICE, AIR INDIA FLIGHT SERVICES, EXPATRIATES TRAVEL TO KERALA, KERALA EXPATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360