
കൊച്ചി: പുതുവർഷത്തിലെ ആദ്യ ദിനം ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച നേട്ടങ്ങളോടെ പ്രതീക്ഷാഭരമായി തുടക്കമിട്ടു. ഓഹരി വിപണി അര ശതമാനം നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. സ്വർണ വില പവന് 320 രൂപ വർദ്ധിച്ചു. ജി.എസ്.ടി വരുമാനത്തിലെ വർദ്ധനയും യു.പി.എ ഇടപാടുകളിലെ റെക്കാഡ് വളർച്ചയും വാഹന വില്പനയിലെ കുതിപ്പും പുതുവർഷത്തിൽ വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ നൽകുന്നു.
വാഹന മേഖലയിലെ കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്നലെ ബി.എസ്.ഇ സെൻസെക്സ് 368.4 പോയിന്റ് നേട്ടവുമായി 78,507.41ൽ അവസാനിച്ചു. നിഫ്റ്റി 98.11 പോയിന്റ് ഉയർന്ന് 23,742.90ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും മികച്ച വർദ്ധന ദൃശ്യമായി. ഭവന, ധനകാര്യ, കൺസ്യൂമർ ഗുഡ്സ് എന്നിവയുടെ ഓഹരികളിലും വൻ വാങ്ങൽ താത്പര്യമുണ്ടായി.
സ്വർണം പവൻ വില ഇന്നലെ 320 വർദ്ധിച്ച് 57,200 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ ഉയർന്ന് 7,150 രൂപയായി. രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളാണ് സ്വർണത്തിന് ഗുണമായത്. അതേസമയം , പുതുവർഷത്തിലെ ആദ്യ ദിനത്തിലും രൂപയുടെ മൂല്യയിടിവ് തുടർന്നു. ഇന്നലെ ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 85.65ൽ വ്യാപാരം പൂർത്തിയാക്കി. ചൈനീസ് യുവാന്റെ ദൗർബല്യവും എണ്ണ കമ്പനികളുടെ ഡോളർ ആവശ്യം കൂടുന്നതുമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചത്.
റെക്കാഡിട്ട് യു.പി.ഐ ഇടപാടുകൾ
യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്(യു.പി.ഐ) വഴിയുള്ള ഡിസംബറിൽ ഇടപാടുകളുടെ മൂല്യം 23.25 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടത് വിപണി മികച്ച ഉണർവിലാണെന്ന് വ്യക്തമാക്കുന്നു. 1673 കോടി യു.പി.ഐ ഇടപാടുകളാണ് ഡിസംബറിൽ നടന്നത്. 2016ൽ യു.പി.ഐ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയേറെ തുകയുടെ ഇടപാടുകൾ നടക്കുന്നത്.
ഡിസംബറിലെ ചരക്ക് സേവന നികുതി(ജി.എസ്.ടി) വരുമാനം 7.3 ശതമാനം ഉയർന്ന് 1.77 ലക്ഷം കോടി രൂപയിലെത്തിയത് കേന്ദ്ര സർക്കാരിന് ശുഭസൂചന
ഡിസംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, കിയ, ജെ.എസ്.ഡബ്ള്യു എന്നിവ ഉൾപ്പെടെയുള്ള കാർ കമ്പനികൾ വില്പന മെച്ചപ്പെടുത്തിയെന്ന വാർത്തകൾ സാമ്പത്തിക മേഖലയിലെ ഉണർവിന്റെ സൂചന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |