
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കല്യാൺ ജൂവലേഴ്‌സിന്റെ മൊത്തം വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 5223 കോടി രൂപയായിരുന്നു. 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മൊത്തം ലാഭം 219 കോടി രൂപയായി ഉയർന്നു.മുൻവർഷം ഇക്കാലയളവിലിത് 180 കോടി രൂപ ആയിരുന്നു. അവലോകന കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയർന്നു. ഇന്ത്യയിൽ നിന്നുള്ള മൊത്തം ലാഭം 168 കോടി രൂപയിൽ നിന്ന് 218 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 683 കോടി രൂപയായിരുന്നു മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 15 കോടി രൂപയാണ്. കഴിഞ്ഞ വർഷം 14 കോടി രൂപ ആയിരുന്നു. ഈ വർഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നൽകുന്നതാണെന്നും ആദ്യ ഒൻപത് മാസങ്ങളിൽ മൊത്തം വിറ്റുവരവിൽ 35 ശതമാനം വളർച്ച നേടിയെന്നും കല്യാൺ ജുവലേഴ്‌സ് എക്സിക്യുട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |