SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.21 AM IST

ഉത്പന്ന വില കുതിക്കുന്നു യുദ്ധം പ്ലാസ്റ്റിക്കിലും

plastic

കോലഞ്ചേരി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്ളാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പൂഴ്ത്തി വയ്പും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില വർദ്ധനവിലേക്ക് നയിക്കുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന എച്ച്.ഡി.പി.ഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) അസംസ്കൃത വസ്തുവിന്റെ വില അന്താരാഷ്ട്ര വില കുത്തനെ ഉയർന്നതാണ് കാരണം. വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബക്കറ്റുകൾ, മഗുകൾ, സംഭരണ പാത്രങ്ങൾ, വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, വിവിധ പാക്കേജിംഗ് സാമഗ്രികൾ എന്നിവയ്ക്കാണ് വില വർദ്ധിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി എച്ച്.ഡി.പി.ഇ ഗ്രാന്യൂളുകളുടെ വില ഗണ്യമായി ഉയർന്നത് പ്രാദേശിക നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുവിന്റെ വില വർദ്ധനവിനൊപ്പം ഉത്പാദന ചെലവും വർദ്ധിച്ചതിനാൽ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.

ചെറുകിട യൂണിറ്റുകൾ ആശങ്കയിൽ

പെരുമ്പാവൂർ, കാലടി, കുറുപ്പംപടി മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റുകളെയും വിലവർദ്ധന ബാധിച്ചിട്ടുണ്ട്. വിലവർദ്ധന തുടർന്നാൽ ചില യൂണിറ്റുകൾ പ്രവർത്തനം കുറയ്ക്കുകയോ താത്കാലികമായി നിർത്തുകയോ ചെയ്യേണ്ടി വരും. തൊഴിലാളികളെയും ഇത് ബാധിക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്. ഉത്പാദന ചെലവ് കൂടിയതോടെ ലാഭം കുറഞ്ഞതായി വ്യവസായികൾ പറയുന്നു.

എച്ച്.ഡി.പി.ഇ ഗ്രാന്യൂളുകളുടെ വില പെട്ടെന്ന് ഉയർന്നത് ഉത്പാദന ചെലവിനെ ഗണ്യമായി ബാധിച്ചു. പഴയ വിലയിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക ഇപ്പോൾ അസാദ്ധ്യമാണ്

ടി. സന്തോഷ്,

പ്ളാസ്റ്റിക് നിർമ്മാണ യൂണിറ്റ് ഉടമ

വില വർദ്ധനവ്

എച്ച്.ഡി.പി.ഇ ഗ്രാന്യൂൾ കിലോയ്ക്ക് 90 രൂപയിൽ നിന്ന് 200 - 240 വരെ

സാധാരണ പ്ലാസ്റ്റിക് ബക്കറ്റ് ഒരെണ്ണം 120 രൂപയിൽ നിന്ന് 200 വരെ
ചെറിയ സംഭരണ പാത്രങ്ങൾ ഒരെണ്ണം 40 രൂപയിൽ നിന്ന് 70 വരെ


വില ഉയരാൻ കാരണം

പെട്രോ കെമിക്കൽ ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ്
ഗതാഗത ചെലവ് വർദ്ധിച്ചത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360