
രാജേഷ് എക്സ്പോർട്സിൽ വൻ തട്ടിപ്പ്
കൊച്ചി: രാജ്യത്തെ മുൻനിര ജുവലറി സ്ഥാപനമായ രാജേഷ് എക്‌സ്‌പോർട്ട്‌സ് അഞ്ച് വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളിൽ വരുമാനം 15.5 ലക്ഷം കോടി രൂപ പെരുപ്പിച്ച് കാട്ടിയെന്ന് ഓഹരി വിപണിയിലെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) കണ്ടെത്തി. വിദേശത്തെ അനുബന്ധ കമ്പനികൾ വഴി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ധനകാര്യ വിശദീകരണങ്ങളും സംശയാസ്‌പദമാണെന്ന് കണ്ടെത്തിയതോടെ രാജേഷ് എക്‌സ്‌പോർട്ട്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ രാജേഷ് മേത്തയെ കമ്പനികളുടെ ഓഹരി ഇടപാടുകളിൽ നിന്ന് സെബി താത്‌കാലികമായി വിലക്കി. കമ്പനിയുടെ അക്കൗണ്ടുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കമ്പനിക്ക് സെബി നിർദേശം നൽകി. 2020-21 വർഷം മുതലുള്ള കമ്പനിയുടെ കണക്കുകളിലാണ് വൻതോതിൽ തട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. സെബിയുടെ ഓർഡർ പുറത്തുവന്നതോടെ ഇന്നലെ രാജേഷ് എക്‌സ്‌പോർട്ട്‌സിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് 104.65 രൂപയിലെത്തി.
ആരോപണം
യഥാർത്ഥ വ്യാപാരം മറച്ചുവെച്ച് ഉയർന്ന വരുമാനം കാണിച്ച് ഓഹരി വില കൃത്രിമമായി ഉയർത്തി നിക്ഷേപകരെ കബളിപ്പിക്കാൻ ശ്രമിച്ചു
ഓഹരിയുടമയുടെ പരാതി
രാജേഷ് എക്‌സ്‌പോർട്ട്സിന്റെ ഒരു റീട്ടെയിൽ ഓഹരിയുടമ 2024ൽ അയച്ച ഇ മെയിലിനെ തുടർന്നാണ് സെബി അന്വേഷണം തുടങ്ങിയത്. ഇതിനെ തുടർന്ന് വ്യക്തമായ കണക്കുകളും മറ്റ് തെളിവുകളും ഹാജരാക്കാൻ സെബി ആവശ്യപ്പെട്ടെങ്കിലും കമ്പനി പൂർണമായും പ്രതികരിച്ചില്ല. ഓഡിറ്റർ സ്ഥാപനവും അന്വേഷണത്തിൽ സഹകരിച്ചില്ലെന്ന് ഓർഡറിൽ പറയുന്നു.
നിഴൽ കമ്പനികൾ നിരവധി
രാജേഷ് എക്‌സ്‌പോർട്ട്‌സിന് കീഴിൽ സിംഗപ്പൂരിലും സ്വിറ്റ്‌സർലണ്ടിലുമായി നിരവധി കമ്പനികൾ രൂപീകരിച്ച് ധനകാര്യ ക്രമക്കേടുകൾ നടത്തിയെന്നാണ് സംശയം. കമ്പനിയുടെ അഞ്ച് വർഷത്തെ വരുമാനമായി കാണിച്ച 15.45 ലക്ഷം കോടി രൂപയിൽ 15.18 ലക്ഷം കോടി രൂപയും ഉപകമ്പനികളിൽ നിന്നാണ് ലഭിച്ചതെന്നും സെബി കണ്ടെത്തി.
എൽ.ഐ.സി കുടുക്കിൽ
രാജ്യത്തെ മുൻനിര നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും(എൽ.ഐ.സി) ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകർക്കും രാജേഷ് എക്‌സ്‌പോർട്ട്സിലെ പ്രതിസന്ധി കുരുക്കാകും. മാർച്ച് 31ലെ കണക്കനുസരിച്ച് എൽ.ഐ.സിക്ക് രാജേഷ് എക്‌സ്‌പോർട്ട്സിൽ 10.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 1.94 ചെറുകിട നിക്ഷേപകരുടെ കൈവശം 4.18 കോടി ഓഹരികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |