SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.40 PM IST

'നാല് മണിക്കൂർ വേറുതേ പാഴാക്കി'; നദ്ദയുമായുള്ള കൂടിക്കാഴ്‌ച ഉപയോഗശൂന്യമെന്ന് സിജെപി വക്താവ്

READ ENGLISH VERSION
cjp-leaders-met-jp-nadda
സിജെപി നേതാക്കൾ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയപ്പോൾ

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ ഇന്നലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്‌ച ഉപയോഗശൂന്യമായിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് അശുതോഷ് റാങ്ക. നാല് മണിക്കൂർ സമയം വെറുതേ പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'ഇത് കണ്ടശേഷം നദ്ദ ജി കള്ളം പറയരുത്. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ശക്തി മനസിലായപ്പോൾ നിങ്ങളുടെ സർക്കാർ നിരാശരായി. പിന്നീട് ഉപയോഗശൂന്യമായ ചർച്ചയുടെ പേരിൽ ഞങ്ങളുടെ നാല് മണിക്കൂർ പാഴാക്കി'- സിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന നദ്ദയുടെ പോസ്റ്റിന് മറുപടിയായാണ് റാങ്ക എക്‌സിൽ പോസ്റ്റിട്ടത്. സർക്കാരുമായി ചർച്ച നടത്താൻ പ്രതിഷേധക്കാർ ആദ്യമായി തയ്യാറായെന്നാണ് നദ്ദയുടെ പോസ്റ്റിൽ കുറിച്ചിരുന്നത്. രേഖാമൂലം നിവേദനം സമർപ്പിച്ചുവെന്നും പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കാൻ തയ്യാറായെന്നും നദ്ദ കുറിച്ചു. കൂടിക്കാഴ്‌ചയുടെ ചിത്രവും മന്ത്രി പങ്കുവച്ചിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സിജെപിയുടെ പ്രതിഷേധം. സർക്കാരുമായി ചർച്ച നടത്തിയിട്ടും ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റാങ്ക പറഞ്ഞു. അതേസമയം, ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പ്രതികരണം. അടുത്ത നടപടികൾ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പാർട്ടി ഉടൻ പുറത്തിറക്കുമെന്നും ദീപ്കെ അറിയിച്ചു.

ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാ‌ർട്ടി ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ചിനെ തുടർന്ന് ജന്തർ മന്ദറിനു ചുറ്റുമുള്ള അഞ്ച് കിലോമീറ്റർ മേഖല യുദ്ധക്കളമായി മാറിയിരുന്നു. സംഘർഷത്തിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്കും 118 പൊലീസുകാർക്കും പരിക്കേറ്റു. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്‌തു നീക്കി. ഇന്നലെ 11 മണിയോടെ അഭിജീത് ദീപ്‌കെ നിരാഹാരം അവസാനിപ്പിച്ച് പാ‌ർലമെന്റിലേക്ക് മാർച്ച് നടത്താനിറങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

English Summary

CJP spokesperson Ashutosh Ranka said the party's meeting with Union Minister JP Nadda was "useless" and claimed four hours were wasted without any response to their demands. The party said its protest over the NEET issue will continue until Education Minister Dharmendra Pradhan resigns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JP NADDA, CJP SPOKESPERSON, NADDA MEETING CONTROVERSY, NADDA KOODIKKAZHCHA, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360