ന്യൂഡൽഹി: ദാമ്പത്യ തർക്കങ്ങളുടെ പേരിൽ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യമാർ പരാതി നൽകുന്ന പ്രവണതയിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള പരാതികൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതം പിന്നീട് ജീവനാംശം ആവശ്യപ്പെടുന്ന ഭാര്യയ്ക്ക് തിരിച്ചടിയാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബിപി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അസാമിൽ തന്റെ ഭർത്താവിന്റെ സുഹൃത്ത് നൽകിയ അപകീർത്തിക്കേസ് ഗാസിയാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ദാമ്പത്യ തർക്കങ്ങൾക്കിടയിൽ പങ്കാളിയുടെ തൊഴിലുടമയ്ക്ക് പരാതി നൽകുന്നത് ഒരു ഭാര്യയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യങ്ങളിൽ ഒന്നാണെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.
യുവതിക്കെതിരെ ഭർത്താവിന്റെ സുഹൃത്ത് നൽകിയ അപകീർത്തിക്കേസും ഗാസിയാബാദിൽ ഭർത്താവിനെതിരെ നടക്കുന്ന മറ്റ് കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെയാണ് ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കത്ത് നൽകിയത് ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കേസിൽ ഭർത്താവ് വ്യോമസേനാ ഉദ്യോഗസ്ഥനായിരിക്കെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുവെന്നാരോപിച്ച് ഭാര്യ ഡൽഹിയിലെ വ്യോമസേനാ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കേസിൽ കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് സാദ്ധ്യത പരിശോധിക്കുന്നതിനായി കോടതി വിഷയം സുപ്രീം കോടതി മീഡിയേഷൻ സെന്ററിലേയ്ക്ക് വിട്ടു. എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഭാര്യയെ ഉപദേശിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന യുവതിയുടെ അഭിഭാഷകന് നിർദേശം നൽകി.
The Supreme Court criticized wives complaining to their husband's employers during marital disputes. Justices B.V. Nagarathna and R. Mahadevan stated such actions could cause job loss, hindering future alimony claims for the wives. The observation came while hearing a plea where a wife had complained against her Air Force officer husband. The court referred the matter for mediation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |