
റിപ്പോ 5.25 ശതമാനത്തിൽ തുടരും
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളും ഇന്ധന വിലക്കുതിപ്പും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 5.25 ശതമാനമായി നിലനിറുത്തി. ജൂൺ മൂന്നിന് ആരംഭിച്ച റിസർവ് ബാങ്ക് ധന നയ അവലോകന യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി ഐകകണ്ഠ്യേന തീരുമാനിച്ചു.
അതേസമയം ഇന്ധന വില വർദ്ധനയും പശ്ചിമേഷ്യയിലെ യുദ്ധവും രാജ്യത്തെ സാമ്പത്തിക മേഖലയിൽ കടുത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നതെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.6 ശതമാനമായി കുറയുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ഉയർന്നതിനാൽ നടപ്പുവർഷം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.1 ശതമാനത്തിലെത്തുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.
പ്രധാന തീരുമാനങ്ങൾ
1. ബാങ്കുകളുടെ കരുതൽ ധന അനുപാതം മൂന്ന് ശതമാനത്തിൽ തുടരും
2. ജി.ഡി.പി വളർച്ച 6.6 ശതമാനമായി താഴും, നാണയപ്പെരുപ്പം 5.1 ശതമാനമാകും
ഉപഭോക്താക്കൾക്ക് ആശ്വാസം
മുഖ്യ പലിശ നിരക്കായ റിപ്പോ 5.25 ശതമാനമായി റിസർവ് ബാങ്ക് നിലനിറുത്തിയതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, സ്വർണം തുടങ്ങിയ വായ്പകളുടെ പലിശ ബാദ്ധ്യത കൂടില്ലെന്ന് ഉറപ്പായി. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ റിസർവ് ബാങ്ക് റിപ്പോ കാൽ ശതമാനം ഉയർത്തുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിൽ പലിശയിൽ അര ശതമാനം വർദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
വെല്ലുവിളി
പശ്ചിമേഷ്യയിലെ യുദ്ധം
നാണയപ്പെരുപ്പ ഭീഷണി
കാലവർഷ ലഭ്യതയിലെ ആശങ്ക
വിദേശ നിക്ഷേപകരുടെ പിന്മാറ്റം
ആഗോള അനിശ്ചിതത്വങ്ങൾക്കിടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതും വില സ്ഥിരത ഉറപ്പു വരുത്തുന്നതുമാണ് റിസർവ് ബാങ്ക് ധന നയ സമിതിയുടെ തീരുമാനം
വി.പി നന്ദകുമാർ
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ
മണപ്പുറം ഫിനാൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |