
യുദ്ധം തീരുന്നത് നേട്ടമാകും
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതോടെ സ്വർണ വിലയിൽ വൻകുതിപ്പുണ്ടാകുമെന്ന് ആഗോള ഏജൻസികളുടെ പ്രവചനം. ഇറാനുമായി അമേരിക്ക സമാധാന കരാർ ഒപ്പിടുന്നതും ഹോർമുസ് ഇടനാഴി പൂർണമായി തുറക്കുന്നതും ക്രൂഡോയിൽ വില ഇടിക്കുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതോടെ അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ തുടങ്ങും. യുദ്ധകാലത്ത് ആഗോള നിക്ഷേപകർ സുരക്ഷിത മേഖലയായ ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.
നടപ്പുവർഷം ജനുവരി വരെ മികച്ച നേട്ടമുണ്ടാക്കിയ സ്വർണം യുദ്ധം തുടങ്ങിയതോടെ തുടർച്ചയായി താഴേക്ക് നീങ്ങി. കഴിഞ്ഞ വാരം ഒരവസരത്തിൽ രാജ്യാന്തര സ്വർണ വില ഔൺസിന് 4,070 ഡോളർ വരെ കുറഞ്ഞു. ഇറാനുമായി കരാറിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ വില 4,200 ഡോളറിലേക്ക് തിരിച്ചുകയറി. ജനുവരി 29ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 1,31,160 രൂപ വരെ എത്തിയ പവൻ വില കഴിഞ്ഞ വാരം 1,06,800 രൂപയിലേക്കാണ് ഇടിഞ്ഞത്. വ്യാപാര കമ്മി നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നില്ലെങ്കിൽ വില ലക്ഷത്തിന് താഴെയെത്തുമായിരുന്നു.
ഔൺസ് വില 6,000 ഡോളർ കടക്കും
നടപ്പുവർഷം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 6,000 ഡോളറിന് മുകളിലെത്തുമെന്ന് പ്രമുഖ ധനകാര്യ ഗവേഷണ ഏജൻസിയായ ജെ.പി മോർഗൻ പ്രവചിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കയുടെ പെരുകുന്ന കട ബാദ്ധ്യതയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കും. കേരളത്തിൽ പവൻ വില ഇതോടെ ഒന്നര ലക്ഷം രൂപ കടന്നേക്കും.
കേന്ദ്ര ബാങ്കുകൾ വാങ്ങൽ മൂഡിലേക്ക്
പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചാൽ വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില കൂടിയതോടെ പല രാജ്യങ്ങളും പണം സമാഹരിക്കാൻ സ്വർണം വിറ്റഴിച്ചിരുന്നു. ജനുവരി മുതൽ മാർച്ച് വരെ 80 ടൺ സ്വർണമാണ് കേന്ദ്ര ബാങ്കുകൾ വിൽപ്പന നടത്തിയത്.
ഡിസംബറിൽ പവന് പ്രതീക്ഷിക്കുന്ന വില
1,50,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |