
ഇറാൻ കരാർ കരുത്താകും
കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇറാനും അമേരിക്കയും കരാർ ഒപ്പുവക്കുമെന്ന പ്രതീക്ഷയിലാണ് ആഗോള നിക്ഷേപ ലോകം. യുദ്ധം തുടങ്ങിയതിനു ശേഷം കനത്ത അനിശ്ചിതത്വത്തിലൂടെ നീങ്ങുന്ന ഓഹരി, സ്വർണ, നാണയ വിപണികൾക്ക് സമാധാന കരാർ കരുത്താകും. കരാറിന് അന്തിമ രൂപമായെന്ന് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണാധികാരികളും വ്യക്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച കുതിച്ചുയർന്നിരുന്നു. കരാറിലെ വ്യവസ്ഥകളെ കുറിച്ച് ട്രംപ് പിന്നീട് സംശയമുന്നയിച്ചെങ്കിലും സമാധാനം അരികിലാണെന്ന് നിക്ഷേപകർ വിലയിരുത്തുന്നു.
വിദേശ നാണയം വലിയ തോതിൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ കഴിഞ്ഞ വാരം വിപണിയിൽ ആവേശം സൃഷ്‌ടിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതും അനുകൂലമായി. കഴിഞ്ഞ വാരം സെൻസെക്‌സ് 1.73 ശതമാനം ഉയർന്ന് 75,527.95ൽ അവസാനിച്ചു. നിഫ്‌റ്റി 50 സൂചിക 1.1 ശതമാനം നേട്ടത്തോടെ 23,622.90ൽ എത്തി. മേയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് അടുക്കുന്നതാണ് വിപണിക്ക് വലിയ വെല്ലുവിളി.
വിൽപ്പന മോഡിൽ വിദേശ നിക്ഷേപകർ
ജൂൺ മാസത്തിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന തുടർന്നു. ആദ്യ രണ്ടാഴ്ചയിൽ വിദേശ ഫണ്ടുകൾ 62,853 കോടി രൂപയാണ് വിപണിയിൽ നിന്ന് പിൻവലിച്ചത്. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വവും ആഗോള സാമ്പത്തിക മാന്ദ്യ സാദ്ധ്യതകളും രൂപയുടെ മൂല്യത്തകർച്ചയും വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തിന് വേഗത പകർന്നു. നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 2.65 ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് തിരിച്ചുകൊണ്ടുപോയത്.
കാത്തിരിക്കുന്ന സംഭവങ്ങൾ
1. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ
2. യു.എസ് ഫെഡറൽ റിസർവ് തീരുമാനം
3. ബാങ്ക് ഒഫ് ജപ്പാൻ പലിശ തീരുമാനം
4. ഡോളറിനെതിരെ രൂപയുടെ മൂല്യം
വിപണി മൂല്യത്തിൽ കുതിപ്പ്
കഴിഞ്ഞ വാരം രാജ്യത്തെ എട്ട് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ 1.9 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 56,233 കോടി രൂപ ഉയർന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂല്യത്തിൽ 38,571 കോടി രൂപയുടെ വർദ്ധനയുണ്ട്. എസ്.ബി.ഐ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |