
ആഗോള തലത്തിലും വിപണി വികസിപ്പിക്കുന്നു
കൊച്ചി: ആഭ്യന്തര - അന്തർദ്ദേശീയ വിപണികളിൽ സാന്നിദ്ധ്യം ശക്തമാക്കി 2030-31 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സി.സി.സി.ഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'കേരള റീട്ടെയിൽ കോൺക്ലേവി"ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാൽ ഉത്പാദനക്ഷമതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളമെങ്കിലും മൊത്തം ആവശ്യത്തിന്റെ പകുതിയിലധികം മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. 2025-26ൽ 4,344 കോടി രൂപയുടെ വിറ്റുവരവുണ്ട്. ആഗോളവിപണിയിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി മിൽമയ്‌ക്ക് പങ്കാളിത്തമുണ്ട്. രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിപണി വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകനും സി.ഇ.ഒയുമായ സുധീർ രാജ രവീന്ദ്രൻ, അസോസിയേറ്റ് പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവരും സംസാരിച്ചു.
പാനൽ ചർച്ചയിൽ മൈ ഡിസൈനേഷൻ സി.ഇ.ഒയും സഹസ്ഥാപകനുമായ സ്വരൂപ് കൃഷ്ണൻ, കപ്പോ ഫുഡ് ഇന്ത്യ സി.ഇ.ഒ ജോസ് അലക്സ്, വി.എൻ.ജി ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, സി.ജി.എച്ച് എർത്ത് സി.ഇ.ഒ മൈക്കൽ ഡൊമിനിക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |