SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.10 AM IST

കുരുമുളക് അവധി വ്യാപാരം വീണ്ടും തുടങ്ങുന്നു

ncdex

കൊച്ചി: ആഭ്യന്തര.ആഗോള വിപണിയിൽ ഏറെ പ്രാധാന്യമുള്ള 'ബ്ലാക്ക് പെപ്പർ (കുരുമുളക്) അവധി വ്യാപാരം ജൂലായ് 15ന് പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എൻ.സി.ഡി.ഇ.എക്‌സ് പുനരാരംഭിക്കും.

നിലവിൽ ആഗോള തലത്തിൽ കുരുമുളകിനായി സജീവ ഡെറിവേറ്റീവ്‌സ് വിപണി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ ചുവടുവെപ്പ്. പഴയകാല കുരുമുളക് വ്യാപാര പ്രൗഢി വീണ്ടെടുത്ത് കൊച്ചിയെ ലോകത്തിലെ ഏക നിയന്ത്രിത കുരുമുളക് ബെഞ്ച്മാർക്കായി മാറ്റാൻ പുതിയ ഫ്യൂച്ചേഴ്‌സിലൂടെ സാധിക്കും. കുരുമുളക് കർഷകർ, വ്യാപാരികൾ, സംസ്‌കരണ സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ എന്നിവർക്ക് വിപണി വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് സംരക്ഷണം ലഭിക്കാനും സുതാര്യമായ വിലനിർണ്ണയം ഉറപ്പാക്കാനും സംവിധാനം സഹായിക്കും.

കുരുമുളക് ഫ്യൂച്ചേഴ്‌സ് പുനരാരംഭിക്കുന്നതിലൂടെ കാർഷിക മേഖലയെയും മൂലധന വിപണിയെയും ബന്ധിപ്പിക്കുന്നതിന് മികച്ച സാദ്ധ്യതയാണെന്ന് എൻ.സി.ഡി.ഇ.എക്‌സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. അരുൺ റാസ്‌തെ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഏലം, റബർ എന്നിവയുടെ അവധി വ്യാപാരം ആരംഭിക്കുന്നതിന് ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് കുരുമുളകിനായി ഒരു സജീവ ആഗോള ബെഞ്ച്മാർക്ക് ഇല്ലാത്ത സാഹചര്യത്തിൽ ഈ പുതിയ കരാർ വലിയൊരു ശൂന്യത നികത്തുമെന്ന് ചീഫ് ബിസിനസ് ഓഫീസർ കേദാർ ദേശ്പാണ്ഡെ വ്യക്തമാക്കി.

'ഹർ ഘർ ഇൻവെസ്റ്റർ' പദ്ധതി

വൻകിട നഗരങ്ങൾക്ക് പുറത്തുള്ള സാധാരണക്കാർക്കും സംരംഭകർക്കും ധന വിപണിയിലെ നിക്ഷേപ സാധ്യതകൾ ലഭ്യമാക്കുന്നതിന് എൻ.സി.ഡി.ഇ.എക്‌സ് 'ഹർ ഘർ ഇൻവെസ്റ്റർ' ക്യാമ്പയിന് കൊച്ചിയിൽ തുടക്കം കുറിച്ചു. കഴിഞ്ഞ മാസം ഗുവാഹത്തിയിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. സെബിയുടെ അനുമതിയോടെ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്‌സ് വിഭാഗങ്ങളിലേക്ക് എക്‌സ്‌ചേഞ്ച് കടക്കുകയാണ്.

കുരുമുളക് അവധി വ്യാപാരം


കുരുമുളക് ആഗോള ഉത്പാദനം

6 ലക്ഷം ടൺ

ഇന്ത്യയിലെ ഉത്പാദനം

60,000 ടൺ

ഒരു ലോട്ട് : 1,000 കിലോ

ടിക്കറ്റ് സൈസ്: പത്ത് പൈസ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCDEX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360