
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 195 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,350 രൂപയായി. ഒരു പവന് 1560 രൂപ കുറഞ്ഞ് 1,06,800 രൂപയായി. രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ഒന്നിനാണ് സ്വർണം ഏറ്റവും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. ഈ ഉയർച്ചയിൽ നിന്നാണ് വില കൂപ്പുകുത്തി താഴെ വീണത്. അന്താരാഷ്ട്ര വിപണികളിലെ തകർച്ച, ശക്തമായ യുഎസ് ഡോളർ, എണ്ണവില വർദ്ധനവ്, ഉയർന്ന പലിശനിരക്ക് എന്നിവയാണ് ഇതിന് കാരണം.
ഇറാനെതിരെ അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങളെത്തുടർന്ന് രാജ്യാന്തര സ്വർണവില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളർ കരുത്താർജിക്കുന്നതും ഉയർന്ന പലിശയും വരും നാളുകളിലും സ്വർണവില ഇടിയുന്നതിന് കാരണമാകും. യുദ്ധം ശക്തമാകുമെന്ന ഭീതിയിൽ നിക്ഷേപകർ സുരക്ഷിത മേഖലയായ യുഎസ് ബോണ്ടുകൾ, ഡോളർ എന്നിവയിലേക്ക് പണം മാറ്റിയതാണ് സ്വർണത്തിന് സമ്മർദ്ദം സൃഷ്‌ടിച്ചത്.
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് 2,600 രൂപയാണ് ഇന്നത്തെ വിപണി വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |