SignIn
Kerala Kaumudi Online
Sunday, 14 June 2026 11.13 PM IST

'ജൂലായ് അവസാനത്തോടെ സ്ഥിതി മാറും'; പിന്നാലെ എണ്ണവില തകര്‍ന്നടിയും, പക്ഷേ ഒരു സംശയം ബാക്കി

oil-gold


ഇറാനിലെ യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ചെയ്യുന്നതോടെ എണ്ണ വില കുത്തനെ കുറയുമെന്ന് റിപ്പോര്‍ട്ട്. ഫിച്ച് റേറ്റിംഗ്‌സ് ആണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് വില 70 ഡോളറിലേക്ക് താഴുമെന്നും ഫിച്ച് റേറ്റിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആഞ്ചലീന വലവീന പറഞ്ഞു. യുദ്ധം അവസാനിക്കുകയാണെങ്കില്‍ ജൂലായ് മാസം അവസാനത്തോട് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും പിന്നാലെ സ്ഥിതി മാറുമെന്നും ഫിച്ച് റേറ്റിംഗ്‌സ് പറയുന്നു.

ഇപ്പോഴത്തെ എണ്ണവില വര്‍ദ്ധന ചരക്കുനീക്കത്തിലെ പ്രശ്നങ്ങള്‍ കാരണം സംഭവിച്ചതാണ്. ഉത്പാദന നഷ്ടംകൊണ്ടുള്ള സ്ഥിരമായ വിലവര്‍ധനയായി ഇതിനെ കാണാനാകില്ല. ജൂലായ് മാസത്തോടെ ഹോര്‍മുസ് തുറക്കുകയാണെങ്കില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത മാര്‍ച്ച് - ഏപ്രില്‍ മാസത്തിലേതിനു സമാനമായി ഉയരും. 2026 സെപ്റ്റംബറോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണ എത്താനുള്ള സാദ്ധ്യതയാണ് കാണുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗള്‍ഫ് മേഖലയില്‍ എണ്ണയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പശ്ചിമേഷ്യന്‍ പ്രതിസന്ധി അയയുന്നതോടെ ഉത്പാദനം വേഗത്തില്‍ വീണ്ടെടുക്കാനാകും. യുദ്ധത്തെത്തുടര്‍ന്ന് പതിനായിരത്തോളം എണ്ണക്കിണറുകളില്‍ ഉത്പാദനം നിര്‍ത്തിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ എണ്ണയുത്പാദനത്തിന്റെ 15 ശതമാനത്തോളമാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്. ഹോര്‍മുസ് തുറന്നാല്‍ എത്രയും വേഗം ഈ എണ്ണക്കിണറുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ഉത്പാദന, വിതരണ ശൃംഖല ശക്തിപ്പെടുമ്പോള്‍ വില കുറയുമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വലിയ ആശ്വാസമാകും. എന്നാല്‍ ഇന്ത്യയില്‍ ഇന്ധന വില പ്രതിസന്ധി മാറിയാലും ഉടനടി കുറയാന്‍ സാദ്ധ്യതയില്ല. കോടികളുടെ നഷ്ടം നികത്താന്‍ വില വര്‍ദ്ധിപ്പിച്ചതിലൂടെ പോലും സാധിച്ചിട്ടില്ലെന്ന കമ്പനികളുടെ അവകാശവാദമാണ് ഇതിന് കാരണം. നഷ്ടം നികത്താന്‍ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കമ്പനികള്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ധന വില വര്‍ദ്ധിക്കുമ്പോള്‍ സര്‍വമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നതാണ് ഇന്ത്യയിലെ സാഹചര്യം. ഹോര്‍മുസ് തുറക്കുന്നതോടെ എണ്ണവില കുത്തനെ ഇടിയുമ്പോള്‍ സ്വര്‍ണം കുതിക്കാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ചുരുക്കത്തില്‍ ഹോര്‍മുസ് തുറക്കുമ്പോള്‍ ഇന്ത്യയില്‍ എണ്ണവിലയ്ക്ക് ഒപ്പം സ്വര്‍ണ വിലയും വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുമോയെന്ന സംശയമാണ് ഇപ്പോള്‍ ശക്തമായി തുടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BUSINESS, GOLD, OIL, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360