
കൈവശമുള്ള സ്വര്‍ണത്തിന് ഇരട്ടിമൂല്യമായി
കൊച്ചി: ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് റിസര്‍വ് ബാങ്ക്(ആര്‍.ബി.ഐ) വിദേശനാണയ ശേഖരത്തില്‍ ഡോളര്‍ ഒഴിവാക്കി സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവര്‍ഷത്തിനിടെ 61.5 ടണ്‍ സ്വര്‍ണം വാങ്ങിയതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതും ആര്‍.ബി.ഐയുടെ സ്വര്‍ണശേഖരത്തിന്റെ മൂല്യം റെക്കാഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം ഒരു വര്‍ഷത്തിനിടെ 12ല്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു. 2015ല്‍ 557.18 ടണ്‍ മാത്രമായിരുന്ന സ്വര്‍ണശേഖരം ഇപ്പോള്‍ 880.52 ടണ്ണാണ്.
2022-ലെ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷമാണ് കേന്ദ്രബാങ്കുകള്‍ ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ആസ്തിയായി വര്‍ധിപ്പിക്കുന്ന പ്രവണത ശക്തമായത്. ഇക്കാലയളവില്‍ പോളണ്ട് 353 ടണ്ണും ചൈന 245 ടണ്ണും സ്വര്‍ണശേഖരത്തില്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇക്കാലയളവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,000 ഡോളറില്‍ നിന്ന് 4,140 ഡോളറിലേക്കാണ് ഉയര്‍ന്നത്. നടപ്പുവര്‍ഷംജനുവരി28ന് വില ഔണ്‍സിന് 5,590 ഡോളര്‍ വരെ കുതിച്ചതിനു ശേഷമാണ് യുദ്ധ കാലത്ത് ഇടിവ് നേരിട്ടത്.
ആര്‍.ബി.ഐയുടെ സ്വര്‍ണ കരുത്ത്
മൊത്തം ശേഖരം: 880.52 ടണ്‍
നിലവിലെ മൂല്യം: 11,582 കോടി ഡോളര്‍
എന്തുകൊണ്ട് സ്വര്‍ണം?
ഡോളര്‍ ആശ്രയം കുറയ്ക്കല്‍
യുദ്ധങ്ങളും ഉപരോധങ്ങളും
സുരക്ഷിത കരുതല്‍ ആസ്തി
സ്വര്‍ണ ശേഖരത്തിലെ വമ്പന്‍മാര്‍
രാജ്യം ശേഖരം(ടണ്ണില്‍)
അമേരിക്ക : 8,133
ജര്‍മ്മനി 3,352
ഇറ്റലി 2,452
ഫ്രാന്‍സ് 2,437
റഷ്യ 2,333
ചൈന 2,313
സ്വിറ്റ്‌സര്‍ലന്‍ഡ് 1,040
ഇന്ത്യ 880
വാങ്ങലില്‍ മുന്നില്‍
പോളണ്ട്: 353 ടണ്‍
ചൈന: 245 ടണ്‍
ഇന്ത്യ: 61.5 ടണ്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |