
ന്യൂഡൽഹി: സായുധ സേനകളുടെ ഏകോപനം സാദ്ധ്യമാക്കുന്ന തിയേറ്റർ കമാൻഡ് രൂപീകരണം, ഭാവി യുദ്ധമുറകൾ ആർജ്ജിക്കൽ ഉൾപ്പെടെ
പ്രതിരോധ മേഖലയിൽ അടിമുടി മാറ്റം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 2025 ഇന്ത്യൻ പ്രതിരോധ മേഖലയിലെ 'പരിഷ്കാരങ്ങളുടെ വർഷമായി' പ്രഖ്യാപിക്കുകയാണെന്നും ആധുനികവത്കരണ യാത്രയിലെ സുപ്രധാന ചുവടുവയ്പാണിതെന്നും പറഞ്ഞു. പ്രതിരോധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലെയും ഭാവി വെല്ലുവിളികളെ സംയുക്തമായി നേരിടാൻ സായുധ സേനകളെ സജ്ജമാക്കലാണ് പരിഷ്‌കാരങ്ങളുടെ കാതൽ. ലക്ഷ്യമിടുന്ന നടപടികൾ പ്രതിരോധ മേഖലയിൽ അഭൂതപൂർവമായ മുന്നേറ്റങ്ങളുണ്ടാക്കും. അങ്ങനെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ അതിജീവിച്ച് രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാനാകും.-രാജ്നാഥ് സിംഗ് പറഞ്ഞു.
സാങ്കേതിക വിദ്യയിൽ ശ്രദ്ധ
സേനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും സംയോജിത തിയേറ്റർ കമാൻഡുകൾ നടപ്പാക്കും
സൈബർ, സ്പേസ് തുടങ്ങിയ പുതിയ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ), മെഷീൻ ലേണിംഗ്, ഹൈപ്പർസോണിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കും
യുദ്ധ വിജയത്തിന് ആവശ്യമായ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും വികസിപ്പിക്കും. സേനകളുടെ സഹകരണം, പരിശീലനം എന്നിവയിലൂടെ പുതിയ ധാരണകൾ വികസിപ്പിക്കും
കരുത്ത് വർദ്ധിപ്പിക്കുന്നതിനായി സാമഗ്രികളും സേവനങ്ങളും സേനകൾക്ക് ലഭ്യമാക്കാൻ നടപടിക്രമങ്ങൾ ലളിതമാക്കും
പ്രതിരോധ മേഖലയും സിവിൽ വ്യവസായങ്ങളുമായുള്ള സാങ്കേതിക കൈമാറ്റവും അറിവ് പങ്കിടലും സുഗമമാക്കും. പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും
ഇന്ത്യയെ പ്രതിരോധ ഉത്പന്നങ്ങളുടെ വിശ്വസനീയമായ കയറ്റുമതി രാജ്യമാക്കുക
വിദേശ പ്രതിരോധ നിർമ്മാതാക്കളുമായി സാങ്കേതികവിദ്യാ കൈമാറ്റം അടക്കം പ്രോത്സാഹിപ്പിക്കും
വിമുക്ത ഭടന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തും
ഇന്ത്യൻ സംസ്കാരത്തിലും ആശയങ്ങളിലും ഊന്നിയുള്ള പരിഷ്‌കാരം. തദ്ദേശീയമായ കഴിവുകളിലൂടെ ആഗോള നിലവാരം കൈവരിക്കൽ ലക്ഷ്യം. രാജ്യത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിദേശ സമ്പ്രദായങ്ങൾ ഉൾക്കൊള്ളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |