SignIn
Kerala Kaumudi Online
Sunday, 18 October 2026 1.00 PM IST

ചൈനയുടെയും ഉത്തരകൊറിയയുടെയും ആയുധ വിപണി പിടിക്കാൻ ഇന്ത്യ: പുതിയ പദ്ധതിയുമായി ഡിആർഡിഒ

drdo
പ്രളയ് മിസൈൽ

ന്യൂഡൽഹി: വിദേശ കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഡിആർഡിഒ. പല രാജ്യങ്ങളും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി ഇത്തരം മിസൈലുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

നിലവിൽ ആഗോളവിപണിയിൽ 100 മുതൽ 300 കിലോമീറ്റർ വരെ പരിധിയുള്ള ഹ്രസ്വദൂര, ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈലുകൾക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യയുടെ :'പ്രളയ്' ടാക്റ്റിക്കൽ മിസൈൽ വാങ്ങാൻ നിരവധി വിദേശ രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ 'പൃഥ്വി' മിസൈലുകളുടെ നിർമാണം നിർത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ നഷ്ടം നികത്താൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ഡിആർഡിഒയുടെ പ്രതീക്ഷ.

മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിന്റെ (എംടിസിആർ) നിബന്ധനകൾ അനുസരിച്ച് അംഗങ്ങളല്ലാത്ത രാജ്യങ്ങളിലേയ്ക്ക് കാറ്റഗറി-1 വിഭാഗത്തിൽപ്പെടുന്ന (300 കിലോമീറ്ററർ പരിധിയും 500 കിലോഗ്രാമിലധികം പെലോഡ്) മിസൈലുകൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇന്ത്യ 2016ൽ എംടിസിആറിൽ അംഗമായതിനാൽ 300 കിലോമീറ്ററിൽ താഴെ പരിധിയുള്ള മിസൈലുകൾ ആവശ്യമുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാൻ അനുയോജ്യമായ പുതിയ പദ്ധതി വികസിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യൻ സായുധ സേനകൾക്ക് നിലവിൽ ഇത്തരം ഹ്രസ്വദൂര മിസൈലുകളോട് താൽപ്പര്യമില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ഇതിന് ആവശ്യക്കാരേറെയാണ്. ബ്രഹ്മോസ് മിസൈലുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡ് ലഭിച്ചതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകളിലേയ്ക്ക് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിലെ ആഗോള സാഹചര്യങ്ങൾ കാരണം പല വിദേശ രാജ്യങ്ങളും ഹ്രസ്വദൂര ടാക്റ്റിക്കൽ മിസൈലുകൾക്കായി ഇന്ത്യയെ സമീപിക്കുന്നുണ്ട്.

ചൈനയും ഉത്തരകൊറിയയും വർഷങ്ങളായി ഇത്തരം മിസൈലുകളും അവയുടെ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിആർഡിഒയും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമായി ആഗോളവിപണിയിൽ കൂടുതൽ സജീവമാകാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

English Summary

India’s DRDO is planning to develop short-range ballistic missiles targeting the international export market. The proposal is awaiting approval from the Defence Ministry, amid interest from several countries seeking to purchase such missiles for their urgent defence needs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRDO, INDIA DEFENCE, DRDO BALLISTIC MISSILE, INDIA DEFENCE INSUSTRY, BALLISTIC MISSILE DEVELOPMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360