SignIn
Kerala Kaumudi Online
Sunday, 04 October 2026 12.08 PM IST

ആക്രമണം ഒഴിവാക്കാൻ ഒരുവഴിയുമില്ല; എഐ നിയന്ത്രിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ, വിക്ഷേപണം നിരീക്ഷിച്ച് കിം

kim-jong-un
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

പ്യോങ്യാങ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഇന്നലെ നടന്ന വിക്ഷേപണത്തിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നൽകി. മകൾ കിം ജു ഏയ്ക്കൊപ്പമാണ് കിം പരീക്ഷണം നിരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാദ്ധ്യമമായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു.

കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മിസൈലിന് താഴ്ന്ന പ്രതലത്തിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് അവയുടെ പാത മാറ്റാൻ കഴിയുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതിനാൽ ആക്രമണം ഒഴിവാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി. കെസിഎൻഎ പുറത്തുവിട്ട ചിത്രങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള തീജ്വാലകളോടെ മിസൈൽ ആകാശത്തേക്ക് കുതിക്കുന്നതായി കാണാം. മറ്റൊരു ചിത്രത്തിൽ കിം ജോങ് ഉൻ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നതും മകൾ ജു ഏയും ഭാര്യ റി സോൾ ജുവും കൈയടിച്ച് ആഘോഷിക്കുന്നതും കാണാം.

പുതിയ ആയുധ സംവിധാനങ്ങളുടെ പ്രവർത്തനശേഷി വിലയിരുത്തുന്നതിനും സൈനികരുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് വിക്ഷേപണം നടത്തിയതെന്നാണ് ഉത്തരകൊറിയയുടെ വിശദീകരണം. അതേസമയം, മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച് ദക്ഷിണകൊറിയൻ സൈന്യവും രംഗത്തെത്തി. കിഴക്കൻ തീരനഗരമായ വോൻസാനു സമീപത്തുനിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നും 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായും ദക്ഷിണകൊറിയ അറിയിച്ചു.

ഡീമിലിറ്ററൈസ്ഡ് സോണിൽ (ഡി.എം.സഡ്) ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് ദക്ഷിണകൊറിയൻ സൈനികർക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരകൊറിയ മാപ്പുപറയണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ മിസൈൽ പരീക്ഷണം. എന്നാൽ സ്ഫോടനത്തിന് തങ്ങൾ ഉത്തരവാദിയല്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ദക്ഷിണകൊറിയയുടെ സമാധാനശ്രമങ്ങളെയും നയതന്ത്ര ചർച്ചകൾ നടത്താനുള്ള നീക്കങ്ങളെയും തള്ളിക്കളയുന്ന നിലപാടാണ് ഉത്തരകൊറിയ സ്വീകരിച്ചത്.

കഴിഞ്ഞ മാസം ഉത്തരകൊറിയ നടത്തിയ മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് യുഎസ് പസഫിക് കമാൻഡ് പ്രതികരിച്ചിരുന്നു. വിക്ഷേപണങ്ങൾ അമേരിക്കൻ സൈനികർക്കോ അമേരിക്കൻ പ്രദേശങ്ങൾക്കോ സഖ്യകക്ഷികൾക്കോ അടിയന്തര ഭീഷണി ഉയർത്തുന്നില്ലെന്നായിരുന്നു യു.എസ്. പസഫിക് കമാൻഡിന്റെ വിലയിരുത്തൽ.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. അതിനിടെയാണ് ഉത്തരകൊറിയ പുതിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.

English Summary

North Korea conducted an AI-powered missile test, overseen by leader Kim Jong Un and his daughter. State media reported the technology allows path changes at low altitudes, making interception challenging. South Korea confirmed the missile traveled over 700km. This launch occurs amid diplomatic tensions and follows a recent DMZ incident, further escalating regional concerns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIMJONGUN, LATESTNEWS, DEFENCE, AI POWERED MISSILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360