SignIn
Kerala Kaumudi Online
Monday, 12 October 2026 12.11 PM IST

ഇന്ത്യൻ നാവികസേനയുടെ 'നിശബ്ദ വേട്ടക്കാരൻ'; കടലിനടിയിലെ ശത്രുവിനെ കണ്ടെത്താൻ കാവലായി 'മംഗ്രോൾ'

mangrol-
അന്തർവാഹിനിവേധ യുദ്ധക്കപ്പൽ 'മംഗ്രോൾ'

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്താൻ തദ്ദേശീയമായി നിർമിച്ച പുതിയ അന്തർവാഹിനിവേധ യുദ്ധക്കപ്പൽ 'മംഗ്രോൾ' ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമിച്ച മൂന്നാമത്തെ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് വിഭാഗത്തിലുള്ള കപ്പലാണ് മംഗ്രോൾ.

വലിയ യുദ്ധക്കപ്പലുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ആഴം കുറഞ്ഞ ജലാശയങ്ങളിലും തീരമേഖലകളിലും മംഗ്രോളിന് എത്താൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തുറമുഖങ്ങൾ, കപ്പലുകൾ നങ്കൂരമിടുന്ന കേന്ദ്രങ്ങൾ, തീരത്തോടു ചേർന്നുള്ള സമുദ്രപാതകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ അന്തർവാഹിനി സഹായിക്കും. സമുദ്രനിരീക്ഷണ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മറ്റ് യുദ്ധക്കപ്പലുകൾ എന്നിവയുമായി ഏകോപിച്ച് പ്രവർത്തിക്കാനുള്ള ശേഷിയും മംഗ്രോളിനുണ്ട്.

അന്തർവാഹിനികളെ കണ്ടെത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന ആധുനിക സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. 'അഭയ്' ഹൾ മൗണ്ടഡ് സോണാർ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയമായി നിർമിച്ച ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, 'മാരീച്' അഡ്വാൻസ്ഡ് ടോർപ്പിഡോ ഡെക്കോയ് സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൂന്ന് ഡീസൽ എഞ്ചിനുകളും വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനവുമാണ് കപ്പലിന് കരുത്തേകുന്നത്. ആഴം കുറഞ്ഞ ജലമേഖലകളിൽ വേഗത്തിലും കൂടുതൽ നിയന്ത്രണത്തോടെയും സഞ്ചരിക്കാൻ ഈ സംവിധാനം സഹായിക്കും. സമുദ്രത്തിനടിയിലെ നിരീക്ഷണം, കുറഞ്ഞ തീവ്രതയിലുള്ള സമുദ്രസുരക്ഷാ ദൗത്യങ്ങൾ, കടൽമൈനുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും മംഗ്രോളിന് നിർവഹിക്കാനാകും.

കപ്പലിന്റെ നിർമാണത്തിൽ 80 ശതമാനത്തിലേറെ തദ്ദേശീയ ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യുദ്ധക്കപ്പലുകളുടെ രൂപകൽപ്പന, നിർമാണം, ആധുനിക ആയുധങ്ങളുടെയും സെൻസറുകളുടെയും സംയോജനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയുടെ തെളിവുകൂടിയാണ് മംഗ്രോൾ. കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' തുടങ്ങിയ പദ്ധതികളുടെ ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡാണ് കപ്പൽ നിർമിച്ചത്.

പ്രതിരോധ ഉപകരണങ്ങളുടെ നി‌മ്മാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലുള്ള തീരദേശ പട്ടണവും പ്രധാന മത്സ്യബന്ധന തുറമുഖവുമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. സമുദ്രത്തിനടിയിലെ ഭീഷണികൾ വ‌ർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീരദേശ സുരക്ഷ ശക്തിപ്പെടുത്താൻ മംഗ്രോളിന്റെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

English Summary

India’s Navy is set to induct Mangrol, an indigenously built anti-submarine warfare shallow-water craft constructed by Cochin Shipyard Limited. Designed to operate in coastal waters and shallow areas, the vessel features advanced sonar, lightweight torpedoes and an indigenous rocket launcher. With over 80% indigenous components, Mangrol will strengthen coastal security and enhance India’s maritime defence capabilities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN NAVY MANGROL, MANGROL ANTI SUBMARINE WARFARE CRAF, MANGROL WARSHIP, INDIAN NAVY, SUMARINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360