SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.09 PM IST

സിബിഎസ്ഇക്കാർക്കുവേണ്ടി പുതിയ വിദ്യാഭ്യാസമന്ത്രി ഉടൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്, ഭാവി കുട്ടിച്ചോറാക്കരുതെന്ന് വിദ്യാർത്ഥികൾ

students
പ്രതീകാത്മക ചിത്രം

ചോദ്യപ്പേപ്പർ ചോർച്ചയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രദാൻ രാജിവച്ചത്. പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസവകുപ്പിന്റെ താൽക്കാലിക ചുമതല നൽകുകയും ചെയ്തു. എന്നാൽ സിബിഎസ്ഇ പ്ളസ് ടുവിൽ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്)തുടരുമോ പത്താം ക്ലാസിൽ ഇത്തവണ ഒഎസ്എം നടപ്പാക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്ളസ് ടുവിൽ ഒഎസ്എം തുടരുമെന്നും പത്താക്ളാസിൽ അത് നടപ്പാക്കുമെന്നാണ് നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ പൂർണമായ വ്യക്തത വരാത്തതിനാൽ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്.

പോരായ്മകൾ ഉൾപ്പെടെ കഴിഞ്ഞവർഷത്തെ അനുഭവങ്ങൾ വിലയിരുത്തിയശേഷമായിരിക്കും ബോർഡ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കക എന്നാണ് വിവാദങ്ങൾക്ക് പിന്നാലെ അധികൃതർ പറഞ്ഞിരുന്നത്. നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് സാദ്ധ്യതയെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തരീതിയിൽ കാര്യങ്ങൾ ക്രമീകരിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

പേടിച്ച് പ്ലസ്ടുക്കാർ

കഴിഞ്ഞവർഷമാണ് പാെടുന്നനെ പ്ലസ്ടുവിൽ ഒഎസ്എം ആദ്യമായി നടപ്പാക്കിയത്. വേണ്ടത്ര മുന്നൊരുക്കമോ അദ്ധ്യാപകർക്ക് ഇതുസംബന്ധിച്ച് ആവശ്യമായ അവബോധമോ നൽകാതെയായിരുന്നു ഇത്. പരീക്ഷയ്ക്ക് ഒന്നോരണ്ടോ മാസംമുമ്പാണ് ഒഎസ്എം രീതിയിൽ ഉത്തരക്കടലാസുകൾ എങ്ങനെ മൂല്യനിർണയം നടത്തണമെന്ന് അദ്ധ്യാപകർക്ക് പരിശീലനം നൽകിത്തുടങ്ങിയത്. അതിനെ പരിശീലനം എന്നുപറയാൻ കഴിയില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.

ഇ മെയിലിലേക്ക് അധികൃതർ അയച്ചുകൊടുത്ത ചില സാമ്പിൾ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്താണ് പരിശീലനം നടത്തേണ്ടിയിരുന്നത്. ഇതിനുവേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. കുട്ടികൾക്ക് ബോർഡ് പരീക്ഷയിൽ പരമാവധി മാർക്കുവാങ്ങാൻ റിവിഷനിലും മറ്റും അദ്ധ്യാപകർ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നപ്പോഴായിരുന്നു ഇത്. കമ്പ്യൂട്ടർ നന്നായി കൈകാര്യം ചെയ്യാനറിയാത്തവർ ചടങ്ങുതീർക്കുംപോലെയാണ് പരിശീലനം നടത്തിയതെന്ന് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നുണ്ട്. ഇവർ മൂല്യനിർണയത്തിന് പോവുകയും ചെയ്തു.

വിദ്യാർത്ഥികൾ എല്ലാം ഊഹിച്ചെടുക്കുന്നു

ഒഎസ്എം നടപ്പാക്കുമ്പോൾ എങ്ങനെ പരീക്ഷ എഴുതണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ഒരു മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. മാദ്ധ്യമവാർത്തകളിൽ നിന്ന് ലഭിച്ച വിരവങ്ങൾ അധാരമാക്കി ചില അദ്ധ്യാപകർ കുട്ടികൾക്ക് ഇതുസംബന്ധിച്ച് ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കുക മാത്രമാണ് ഉണ്ടായത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നതിനാൽ വ്യക്തത ലഭിക്കാനായി ഏതുനിറമുള്ള പേനകൊണ്ട് ഉത്തരങ്ങൾ എഴുതണം എന്നുപോലും ഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു.

ഇത്തവണയും സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഫെബ്രുവരിയോടെ പരീക്ഷ തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇനി ബാക്കിയുള്ളത് കഷ്ടിച്ച് ആറുമാസം. മിക്ക സ്കൂളുകളും രണ്ടോമൂന്നോ മാസത്തിനുള്ളിൽ ബോർഡ് പരീക്ഷയ്ക്കുള്ള പോർഷൻ മുഴുവൻ പഠിപ്പിച്ച് തീർത്ത് മോഡൽ പരീക്ഷകളിലേക്കും മുൻവർഷങ്ങളിലെ ചാേദ്യപ്പേപ്പറുകൾ ചെയ്യിപ്പിക്കുന്നതിലേക്കും കടക്കും. ഒപ്പം ജെഇഇ പരീക്ഷകൾക്കുള്ളഅവസാവട്ട തയ്യാറെടുപ്പുകളും കൊടുമ്പിരിയിലാകും. അതിനാൽത്തന്നെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒഎസ്എം പരിശീലനം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽ നിന്ന് പാഠംപഠിച്ച് ഇക്കൊല്ലം പരീക്ഷാ രീതിയിൽ എന്തൊക്കെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് സിബിഎസ്ഇ ഉന്നതർക്കുതന്നെ വ്യക്തമായ ധാരണ ഇല്ലെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ കഴിഞ്ഞതവണത്തെക്കാൾ സ്ഥിതി വഷളാവും എന്നും അവർ ഭയക്കുന്നുണ്ട്.

എൻട്രൻസ് കിട്ടും, പക്ഷേ ബോർഡ് എക്സാം

ബോർഡ് എക്സാമിന് മികച്ച മാർക്കുവാങ്ങാനുള്ള തങ്ങളുടെ അവസരത്തെ ഒഎസ്എം ഇല്ലാതാക്കുമോ എന്നാണ് വിദ്യാർത്ഥികൾക്ക് പേടി. മികച്ച രീതിയിൽ പഠിക്കുന്നവർക്കാണ് ഈ ഭീതി ഏറെയും.ജെഇഇ പോലുള്ള എൻട്രൻസ് പരീക്ഷകൾക്ക് മികച്ച സ്കോർ കിട്ടിയാലും ബോർഡ് എക്സാമിന് നിശ്ചിത ശതമാനം മാർക്ക് ലഭിച്ചാലേ അവർക്ക് ഐഐടികളിലും എൻഐടികളിലും അഡ്മിഷൻ ലഭിക്കൂ. കഴിഞ്ഞതവണത്തെപ്പാേലെ മൂല്യനിർണയം നടത്തിയാൽ ബോർഡ് എക്സാം മാർക്ക് പരിധി കടക്കാൻ തങ്ങൾക്കായേക്കില്ല എന്ന പേടി ഭൂരിപക്ഷം വിദ്യാർത്ഥികൾക്കുമുണ്ട്.

നീറ്റ് യുജി പരീക്ഷയിൽ കീ മോഡലിൽ ബോർഡ് എക്സാമിന്റെ മാർക്കുകൂടി ചേർത്ത് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നുള്ള ശുപാർശ ഇതിനകം കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ ആ ശുപാർശ നടപ്പാക്കുകയാണെങ്കിൽ ബോർഡ് പരീക്ഷയുടെ മാർക്ക് ഏറെ നിർണായകമാകും. കീം പരീക്ഷയ്ക്കും ഇതുതന്നെ സ്ഥിതി. കേരളസിലബസിൽ ഒഎസ്എം നടപ്പാക്കാത്തതിനാൽ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച മാർക്ക് ലഭിച്ചിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികളിൽ പലരും ബോർഡ് എക്സാമിലെ മാർക്കുകുറവുകാരണം കീ റാങ്ക് പട്ടികയിൽ പിന്നാക്കം പോവുകയും ചെയ്തു.

ഇക്കാര്യങ്ങളെല്ലാം മനസിലാക്കി അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ശക്തമായ ഇടപെടലുണ്ടാവണമെന്നാണ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആവശ്യം. വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കരുതെന്നും അവർ അപേക്ഷിക്കുന്നു.

English Summary

Uncertainty surrounding On-Screen Marking (OSM) for CBSE Class 10 and 12 board exams is causing significant anxiety among students, teachers, and parents. Concerns stem from last year's rushed, ill-prepared introduction without adequate teacher training. Stakeholders demand urgent clarity and timely guidelines from authorities to safeguard students' academic futures, fair evaluation, and eligibility for crucial entrance examinations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE STUDENTS, OSM EXAM FEAR, CBSE KERALA, STUDENTS STRESS, CBSE EDUCATION NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360