SignIn
Kerala Kaumudi Online
Thursday, 28 May 2026 1.42 PM IST

സ്ത്രീകൾക്ക് വായ്‌പ നൽകുന്നതിനാണ് ബാങ്കുകൾക്ക് കൂടുതൽ താത്‌പര്യം; പുരുഷന്മാരെ തഴയുന്നതിന് കാരണമുണ്ട്

money

വൻകിട, ചെറുകിട ആവശ്യങ്ങൾക്കായി വായ്‌പകളെ ആശ്രയിക്കുന്നതും കടമെടുക്കുന്നതും സമൂഹത്തിൽ സാധാരണയായി നിലനിൽക്കുന്ന ഒന്നാണ്. ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പുറമെ പലവിധ ലോൺ ആപ്പുകളിൽ നിന്നും പലരും വായ്‌പയെടുക്കാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഇപ്പോഴിതാ മറ്റൊരു രീതിയും കൂടി സമൂഹത്തിൽ ഉടലെടുക്കുകയാണ്. ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതലായി വായ്‌പയും കടവും നൽകുന്നു. ഇതിന് തക്കതായ കാരണങ്ങളുമുണ്ട്.

ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായം പ്രകാരം പണമിടപാടുകളിൽ കൂടുതൽ അച്ചടക്കമുള്ളവർ സ്ത്രീകളാണ്. ഇഎംഐ അടവുകൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നവർ. വിരളമായി മാത്രമാണ് ഇവർ തിരിച്ചടവിൽ മുടക്കം വരുത്തുന്നത്. വായ്പകൾ കൃത്യമായി അടച്ച് തീർക്കുന്നു. കൃത്യമായ ലക്ഷ്യബോധത്തോടെയാണ് സ്ത്രീകൾ കടമെടുക്കുന്നതെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽതന്നെ പല ബാങ്കുകളും ഫിൻടെക് വായ്പ നൽകുന്നവരും വായ്‌പയുടെ കാര്യത്തിൽ സ്ത്രീകളെ കൂടുതലായി വിശ്വസിക്കുന്നു

ബാങ്ക് ബസാ‌ർ എന്ന ഫിൻടെക് കമ്പനിയുടെ കണക്കുകൾ പ്രകാരം അറ്റെയിൻമെന്റ് ഇൻഡെക്‌സിൽ സ്ത്രീകൾക്ക് 84.3ഉം പുരുഷന്മാർക്ക് 82.1ഉം സ്‌കോർ ആണ് ലഭിച്ചത്. വായ്‌പ തിരിച്ചടവ് മുടക്കിയവരിൽ പുരുഷന്മാർ 14.29 ശതമാനവും സ്ത്രീകൾ 10.98 ശതമാനവുമാണ്. പതിവായി തിരിച്ചടവ് മുടക്കുന്നവരിൽ പുരുഷന്മാർ 7.14 ശതമാനവും പുരുഷന്മാർ 3.25 ശതമാനവുമാണ്. ക്രെഡിറ്റ് സ്‌കോറുകൾ പതിവായി പിന്തുടരുന്നതിലും സ്ത്രീകളാണ് മുന്നിൽ. 88 ശതമാനം പുരുഷന്മാർ ക്രെഡിറ്റ് സ്‌കോർ പതിവായി ട്രാക്ക് ചെയ്യുമ്പോൾ സ്ത്രീകളുടെ കണക്ക് 90 ശതമാനമാണ്.

ബാങ്ക് ബസാറിന്റെ കണക്കുകൾ പ്രകാരം സ്ത്രീകൾ കൂടുതലും അടിയന്തര ആവശ്യങ്ങൾക്കായാണ് വായ്‌പയെടുക്കുന്നതും കടം വാങ്ങുന്നതും. എന്നാൽ ചെറിയ ആവശ്യങ്ങൾക്കുപോലും പുരുഷന്മാർ വായ്‌പകളെ ആശ്രയിക്കുന്നത്. 29.27 ശതമാനം സ്ത്രീകളും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ബാങ്കുകളെ ആശ്രയിക്കുന്ന പുരുഷന്മാർ 25.43 ശതമാനം മാത്രമാണ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടുംബ സുരക്ഷ, അടിയന്തരാവസ്ഥകൾ തുടങ്ങിയ കാര്യങ്ങൾക്കായി കടം വാങ്ങുമ്പോൾ തിരിച്ചടവ് ഒരു മുൻഗണനയായി മാറുന്നുവെന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആവശ്യങ്ങൾക്കായി വായ്‌പയെടുക്കുന്നതും കടം വാങ്ങുന്നതും കൂടുതലും സ്ത്രീകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചുവെങ്കിലും സ്ത്രീകൾ വളരെ ശ്രദ്ധയോടെയും കണക്കുകൾ കൂട്ടിയും കിഴിച്ചുമാണ് കാർഡ് ഉപയോഗിക്കുന്നതെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പെട്ടെന്നുതന്നെ വായ്‌പകളും കടവും അടച്ചുതീർത്ത് സാമ്പത്തിക സ്ഥിരത നിലനിർത്താനും സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളാണ്.

ബാങ്ക് ബസാർ കണക്കുകൾ പ്രകാരം 18.29 ശതമാനം സ്ത്രീകൾ വായ്പകൾ നേരത്തെതന്നെ തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പുരുഷന്മാരിൽ ഇത് 17.43 ശതമാനം മാത്രമാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ആഴത്തിലുള്ള ആഗ്രഹമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വരുമാനം, ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ശേഷി എന്നിവ ആധാരമാക്കിയാണ് ബാങ്കുകൾ വായ്‌പകൾ നൽകുന്നതെങ്കിലും മേൽപ്പറഞ്ഞ കാരണങ്ങളാൽ സ്ത്രീകൾ കൂടുതൽ വിശ്വാസയോഗ്യരാണെന്നാണ് ബാങ്കുകളുടെ അഭിപ്രായം. ഇന്ത്യയുടെ വായ്പാ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും സജീവ പങ്കാളികളുമായി മാറിക്കൊണ്ടിരിക്കുന്നു. വായ്പ നൽകുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുമുണ്ട്. ഈ രീതികൾ മനസിലാക്കിയാൽ ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ വായ്‌പാ ഓഫറുകളും കിഴിവുകളും മറ്റും ബാങ്കുകൾ ഏർപ്പെടുത്താനുള്ള സാദ്ധ്യതകളും തുറന്നേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BANK LOANS, BANKS, EMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360