ലക്‌നൗ: ലോകമാകെയുള്ള ഹിന്ദു വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ് ശ്രീരാമന്റെ ജന്മസ്ഥാനമെന്ന് പറയുന്ന അയോദ്ധ്യയും ശ്രീകൃഷ്‌ണ ജന്മസ്ഥാനം എന്നറിയപ്പെടുന്ന മഥുരയും. ഇന്നത്തെ ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന ഇവരണ്ടും ആരാധനയ്‌ക്ക് മാത്രമല്ല എന്നും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട് എന്നതാണ് സത്യം. കാലങ്ങളോളം തിരഞ്ഞെടുപ്പുകളിലെ ചൂടേറിയ ചർച്ചാവിഷയമായിരുന്നു അയോദ്ധ്യ കേസും രാമജന്മഭൂമിയും. 2019 നവംബർ ഒൻപതിന് പ്രശസ്‌തമായ അയോദ്ധ്യാ കേസ് വിധി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് പ്രസ്‌താവിച്ചു. 2024 ജനുവരി 22ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥാപിച്ചു. ഇന്ന് ക്ഷേത്രത്തിലെ വരുമാനം കവർന്ന സംഭവത്തിൽ അടുത്ത വിവാദം മുറുകിയിരിക്കുകയാണ്.
രാമക്ഷേത്ര വിവാദം പോലെ തന്നെ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് ശ്രീകൃഷ്‌ണ ജന്മസ്ഥാന തർക്കവും. മഥുരയിൽ കൃഷ്‌ണൻ ജനിച്ചുവെന്നതാണ് പുരാണകഥ. ഈ സ്ഥലം ഇന്ന് തർക്കഭൂമിയാകാൻ കാരണം 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു മുസ്‌ലീം ആരാധനാലയമാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് നിർമ്മിച്ച ഷഹീ ഈദ്ഗാഹ് മസ്‌ജിദ് എന്ന ആരാധനാലയം കൃഷ്‌ണജന്മഭൂമിയിലെ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കത്ര കേശവ ദേവ ക്ഷേത്രം എന്ന ശ്രീകൃഷ്‌ണ ജന്മസ്ഥാനത്തുണ്ടായിരുന്ന ക്ഷേത്രം 1669-70ൽ ഔറംഗസേബിന്റെ കാലത്ത് തകർത്താണ് പള്ളി സ്ഥാപിച്ചതെന്നാണ് ഇവർ പറയുന്നത്.
പള്ളി സ്ഥിതിചെയ്യുന്നതടക്കം 13.37 ഏക്കർ സ്ഥലം തങ്ങളുടേതെന്ന് ഈ വാദം ഉന്നയിക്കുന്നവർ സ്ഥാപിച്ച സംഘടനയായ ശ്രീകൃഷ്‌ണജന്മഭൂമി സേവാ സംഘം വാദിക്കുന്നു. ഇതിന്റെ പേരിൽ 1964ൽ പ്രാദേശിക കോടതിയിൽ സംഘം കേസ് നൽകിയ അന്നുമുതലാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇതിനെതിരെ ഷഹീ ഈദ്‌ഗാഹ് കമ്മിറ്റി എതിർപ്പുമായി വന്നതോടെ നിയമയുദ്ധം കനത്തു.1968ൽ താൽക്കാലിക വിധി പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ 13.37 ഏക്കർ ഭൂമി സംഘത്തിന് നൽകാനും എന്നാൽ ഷഹീ ഈദ്‌ഗാഹ് പള്ളി സ്ഥിതിചെയ്യുന്നയിടം ഈദ്‌ഗാഹ് കമ്മിറ്റിക്ക് നൽകാനുമായിരുന്നു അത്. ഷഹീ ഈദ്‌ഗാഹ് പള്ളിസ്ഥലത്ത് സംഘത്തിന് യാതൊരു അവകാശവുമില്ലെന്നും കോടതി വിധിച്ചിരുന്നു.
പിന്നീടും നിരവധി പേർ പള്ളി നീക്കം ചെയ്‌ത് അവിടെ ക്ഷേത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും കോടതിയിലും സർക്കാരിലും പരാതികൾ നൽകുകയും ചെയ്‌തു. ഇത്തരത്തിലൊന്നാണ് 2020ൽ രജ്ഞന അഗ്നിഹോത്രി അലഹബാദ് ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത പരാതി. ശ്രീകൃഷ്‌ണജന്മഭൂമി സേവാ സംഘവും ഷഹീ ഈദ്‌ഗാഹ് കമ്മിറ്റിയും തമ്മിലുണ്ടാക്കിയ സമാധാനകരാറിനെ ഇവർ ചോദ്യം ചെയ്‌തു. ഇവ അന്ന് കോടതി തള്ളിയെങ്കിലും തുടർന്ന് ലഭിച്ച 18ഓളം മറ്റ് ഹർജികളിൽ 2023 മേയിൽ കോടതി ഇടപെട്ടു. ഡിസംബർ 14ന് കോടതി മദ്ധ്യസ്ഥതയിൽ പള്ളിപ്രദേശത്ത് സർവെ നടത്താൻ അനുവാദം നൽകി. ഇതിനെതിരെ ഷഹീ ഈദ്‌ഗാഹ് പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചു.
സുപ്രീം കോടതി പള്ളി പരിസരത്ത് സർവെ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് തടഞ്ഞു എന്നാൽ മറ്റ് സർവെ നടപടികൾക്ക് അനുവാദം നൽകി. നിലവിൽ അലഹാബാദ് കോടതിയിൽ തന്നെയാണ് ഈ കേസുകളുടെ തുടർ നടപടികൾ.
ഉത്തർപ്രദേശിൽ ബിജെപിയ്‌ക്ക് അധികാരത്തിലെത്തുന്നതിൽ രാമജന്മഭൂമി കേസും ശ്രീകൃഷ്‌ണ ജന്മസ്ഥാന ക്ഷേത്ര കേസും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1992ൽ ഡിസംബർ ആറിന് വിശ്വഹിന്ദുപരിഷത്ത് അടക്കം ഹൈന്ദവ സംഘടനകൾ നടത്തിയ മാർച്ചിന് പിന്നാലെയാണ് ബാബറി മസ്‌ജിദ് തകർക്കപ്പെട്ടത്. അന്നുമുതൽ യുപി മണ്ണിൽ ശക്തിപ്രാപിച്ച ബിജെപിക്കുവേണ്ടി കല്യാൺ സിംഗ്, രാംപ്രകാശ് ഗുപ്‌ത, ഇന്നത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ മുഖ്യമന്ത്രിമാരായി. പിന്നീട് 2017ൽ സമാജ്‌വാദി പാർട്ടിയെ പരാജയപ്പെടുത്തി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിസഭ നിലവിൽ വന്നു.
നിലവിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനയായി ലഭിച്ച സ്വർണവും വെള്ളിയും പണവുമടക്കം മോഷണം പോയ സംഭവം യോഗി സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കള്ളംചെയ്‌ത ഒരാളെയും വെറുതെവിടില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന പക്ഷെ ജനങ്ങൾക്കുണ്ടായ അവമതിപ്പ് മാറ്റുമോ എന്നത് കണ്ടറിയണം. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ രാജിവയ്‌ക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീട്ടിലടക്കം പരിശോധന നടത്തുകയും ചെയ്‌തിട്ടുണ്ട്.
അയോദ്ധ്യ സംഭവം ബിജെപിക്കുണ്ടാക്കിയ നാണക്കേട് മാറ്റാനും അടുത്തവർഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ട് ഇതിനിടെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി വിവാദം മുഖ്യമന്ത്രി തന്നെ ഉന്നയിക്കുകയും ചെയ്‌തിട്ടുണ്ട്. ഹത്രാസിലെ കഴിഞ്ഞദിവസത്തെ ഔദ്യോഗികപരിപാടിക്കിടെ ഇനി മഥുരയെക്കുറിച്ച് സംസാരിക്കാം എന്നാണ് യോഗി പറഞ്ഞത്. ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും രാഷ്‌ട്രീയ ഭൂപടത്തിൽ എന്ത് മാറ്റമാണ് വരുത്തുകയെന്ന് വരുംദിവസങ്ങളിലറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |