
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസിലെ പ്രതിസന്ധിയും ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയെ സാരമായാണ് ബാധിച്ചത്. എൽപിജിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞത് രാജ്യത്ത് വില വർദ്ധനയ്ക്ക് കാരണമായി. ഇന്ന് ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതോടെ നിലവിലെ വില ഏകദേശം 922 രൂപ മുതൽ 945 രൂപ വരെയാണ്. എന്നാൽ വിതരണച്ചെലവ് ഇപ്പോൾ 1,600 രൂപയിൽ കൂടുതലാണെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അതായത് ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾ മറ്റേത് രാജ്യത്തേക്കാളും വിലക്കുറവിലാണ് എൽപിജി സിലിണ്ടർ വാങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.
ഇന്ത്യയിലെ എൽപിജി വില
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രധാനമന്ത്രിയുടെ സാമൂഹിക ക്ഷേമ പദ്ധതിയായ ഉജ്ജ്വല യോജന വഴി അർഹതപ്പെട്ട ഗുണഭോക്താവിന് 14.2 കിലോഗ്രാം സിലിണ്ടർ ഏകദേശം 642 രൂപയ്ക്കാണ് ലഭിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടാത്തവർ ഇതേ സിലിണ്ടറിന് 942രൂപയാണ് നൽകുന്നത്. പെട്രോളിയം മന്ത്രാലയം പറയുന്നതനുസരിച്ച് ഉജ്ജ്വല യോജന പദ്ധതിയിൽ ഇല്ലാത്ത ഉപഭോക്താവ് പോലും സിലിണ്ടറിന്റെ വിപണി വിലയേക്കാൾ ഏകദേശം 700 രൂപ താഴെയാണ് നൽകുന്നത്. ആഗോള തലത്തിൽ അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില കുതിച്ചുയർന്നിട്ടും ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കുറവ് തുടരുന്നതായാണ് കേന്ദ്രം അറിയിക്കുന്നത്. ഇറാൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ഇന്ത്യ ഈ നയം പിന്തുടരുന്നത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന 2.0
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കുന്നതിനായി 2016 മേയ് ഒന്നിന് മോദി സർക്കാർ ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. ഈ പദ്ധതിയിലൂടെ പുതിയ എൽപിജി കണക്ഷനുകൾ എടുക്കുന്നവരിൽ അർഹരായവർക്ക് സബ്സിഡിയായി 1600 രൂപയാണ് നൽകുന്നത്. ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷനോടൊപ്പം ആദ്യ സിലിണ്ടറും ഗ്യാസ് സ്റ്റൗവും സൗജന്യമായി നൽകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നോ അല്ലെങ്കിൽ നിർദ്ദിഷ്ട സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളിൽ നിന്നോ ഉള്ളവരായിരിക്കണം ഗുണഭോക്താക്കൾ.
ആഗേളതലത്തിലെ എൽപിജി വിലയും പ്രധാനമന്ത്രി ഉജ്ജ്വല യോജനയും

പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാൾ വിലക്കുറവിലാണ് ഇന്ത്യൻ കുടുംബങ്ങളിൽ എൽപിജി എത്തുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ പാചകവാതക വില മേൽപ്പറഞ്ഞ രാജ്യങ്ങളേക്കാൾ കൂടുതലാണ്. ഗൾഫ് രാജ്യങ്ങളെയാണ് പാചകവാതകത്തിനായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളുടെ യാത്ര തടസപ്പെട്ടതോടെ ഇന്ധനക്ഷാമം രൂക്ഷമായി. എന്നിട്ടും ഒരു എൽപിജി സിലിണ്ടറിന് അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 45 ശതമാനം വിലക്കുറവാണ് ഇന്ത്യയിലുള്ളതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. പ്രധാമനന്ത്രി ഉജ്ജ്വല യോജനയിൽ ഉൾപ്പെട്ടവർക്ക് അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 60 ശതമാനം വിലക്കുറവിലാണ് ഗാർഹിക സിലിണ്ടർ ലഭ്യമാക്കുന്നതെന്നും കേന്ദ്ര ഗവൺമെന്റ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |