SignIn
Kerala Kaumudi Online
Thursday, 27 August 2026 11.32 AM IST

ഇന്ത്യയ്ക്ക് സമീപം ചൈന സൂക്ഷിക്കുന്ന 'ടൈം ബോംബ്'! നേപ്പാൾ ദുരന്തം രാജ്യത്തിന് നൽകുന്നത് വലിയൊരു മുന്നറിയിപ്പ്?

medog-dam
ബ്രഹ്മപുത്രനദി അരുണാചൽപ്രദേശിലേക്കും ബംഗ്ലാദേശിലേക്കും 'യു' ആകൃതിയിൽ വളഞ്ഞൊഴുകുന്ന ദൃശ്യം

ന്യൂഡൽഹി: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഉണ്ടായ വൻ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്തെത്തി. ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന നിർമിക്കുന്ന ഭീമൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ഗുരുതര ആശങ്കയാണ് വിദഗ്ദ്ധർ പങ്കുവച്ചിരിക്കുന്നത്. ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശത്താണ് ചൈന 60,000 മെഗാവാട്ട് ശേഷിയുള്ള മെഡോഗ് അണക്കെട്ട് നിർമിക്കുന്നത്. ഈ പദ്ധതി വലിയ പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ ദുരന്തസാദ്ധ്യത സൃഷ്ടിക്കാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

നേപ്പാളിൽ സംഭവിച്ചത്

ഹിമാലയത്തിലെ ഹിമപാതവും മഞ്ഞുമലയുടെ തകർച്ചയും മൂലമുണ്ടായ ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലും വൻ ദുരന്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പ്രദേശത്ത് മഴയോ മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളോ ഒന്നും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ വെള്ളം നേപ്പാളിലെ മൂന്ന് ജില്ലകളിൽ വ്യാപക നാശനഷ്ടത്തിനാണ് കാരണമായത്. നൂറ്റമ്പതോളം മരണമാണ് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. ഏകദേശം നാന്നൂറോളം പേരെയാണ് കാണാതായത്. ഇവരിൽ 130-ഓളം ഇന്ത്യാക്കാരും ഉൾപ്പെടുന്നു.

മലമുകളിൽ നിന്ന് മഞ്ഞും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് തടസപ്പെട്ടത്തിനെത്തുടർന്ന് വലിയ തോതിൽ വെള്ളവും ചെളിയും താഴ്ന്ന പ്രദേശങ്ങളിലേക്ക് കുതിച്ചെത്തുകയായിരുന്നു. നിരവധി വീടുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുത പദ്ധതികൾ എന്നിവയാണ് സംഭവത്തിൽ നാമാവശേഷമായത്. തുടക്കത്തിൽ ഭൂകമ്പമാണ് ദുരന്തത്തിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് ഹിമാനിയുമായി ബന്ധപ്പെട്ട തകർച്ചയാണ് പ്രധാന കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു.

ചൈന നിർമിക്കുന്ന അണക്കെട്ട്

ചൈന ടിബറ്റിലെ യാർലുംഗ് സാംഗ്പോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ മെഡോഗ് നിർമിക്കുന്നത്. ഇതേ നദി ഇന്ത്യയിലെത്തുമ്പോൾ ബ്രഹ്മപുത്രയായി മാറുന്നു. അരുണാചൽ പ്രദേശിന്റെ അതിർത്തിക്ക് സമീപമുള്ള മെഡോഗ് മേഖലയിലാണ് പദ്ധതി. 2033ഓടെ അണക്കെട്ട് പ്രവർത്തനക്ഷമമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 137 ബില്യൺ ഡോളർ ചെലവിലാണ് ഈ അണക്കെട്ട് നിർമിക്കുന്നത്. പദ്ധതിയിലൂടെ പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ 30 കോടി ജനങ്ങൾക്ക് വൈദ്യുതി നൽകാൻ കഴിയുമെന്നാണ് ചൈനയുടെ അവകാശവാദം.

അതേ സമയം ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി തുടർച്ചയായി ഭൂകമ്പങ്ങളനുഭവപ്പെടുന്ന പ്രദേശമാണ്. അണക്കെട്ട് നിർമിക്കുന്ന മെഡോഗ് ഭൂകമ്പ സാദ്ധ്യതയേറിയ പ്രദേശവുമാണ്. ഇത്രയും വലിയ ജലവൈദ്യുത പദ്ധതി ഇവിടെ സ്ഥാപിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ശക്തമായ ഭൂകമ്പം, മണ്ണിടിച്ചിൽ അല്ലെങ്കിൽ ഹിമപാതം ഉണ്ടായാൽ അണക്കെട്ടിനും സമീപപ്രദേശങ്ങൾക്കും ഗുരുതര ഭീഷണിയുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പങ്കുവയ്ക്കുന്ന ആശങ്ക. എന്നാൽ പദ്ധതിയിലൂടെ വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്.

നേപ്പാൾ ഇന്ത്യയ്ക്കൊരു മുന്നറിയിപ്പ്?​

നേപ്പാളിൽ ഉണ്ടായ ദുരന്തം ഇന്ത്യയ്ക്കും ഒരു മുന്നറിയിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകുന്ന ഹിമാലയൻ മേഖലയിലെ ഭീമൻ അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. ബ്രഹ്മപുത്രനദി അരുണാചൽപ്രദേശിലേക്കും ബംഗ്ലാദേശിലേക്കും 'യു' ആകൃതിയിൽ വളഞ്ഞൊഴുകുന്ന ഹിമാലയൻപ്രദേശത്തെ മലയിടുക്കിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്. ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്ര നദിയെയും പരിസരപ്രദേശങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് ചൈനയുടെ തന്ത്രമായും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനവും നിരീക്ഷണവും ആവശ്യമാണെന്ന് ഇന്ത്യയുടെ പക്ഷം.

2017ൽ ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുമുണ്ട്. ഈ പ്രദേശത്ത് അണക്കെട്ട് നിർമിക്കുകയും കോടിക്കണക്കിന് ലിറ്റർ ജലം സംഭരിക്കുകയും ചെയ്യുമ്പോൾ അത് ഭൂമിക്ക് അമിത സമ്മർദം നൽകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് വൻ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഉയർത്തുമെന്നതിനാലാണ് ഇന്ത്യയ്ക്ക്മേൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.

പഠനങ്ങൾ വ്യക്തമാക്കുന്നത്

ചൈനീസ് സർക്കാരിന് കീഴിലുള്ള 'ചൈന ജിയോളജിക്കൽ സർവേ'യുടെ മേൽനോട്ടത്തിൽ നടന്ന പഠനം ഇന്ത്യയ്ക്ക് ആശങ്ക നൽകുന്ന തരത്തിലുള്ള വിവരങ്ങളാണ് നൽകുന്നത്. പുതുതായി നിർമിക്കുന്ന ഡാമിന്റെ റിസർവോയർ പ്രദേശത്തിന് തൊട്ടുതാഴെ 'പെഷൈൻ ഫോൾട്ട്' എന്ന സജീവമായ ഭ്രംശ രേഖ കടന്നുപോകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 9,500 വർഷങ്ങൾക്ക് മുമ്പ് ഈ രേഖയിൽ വലിയ ഭൂചലനങ്ങൾ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഭൗമശാസ്ത്രപരമായി 9,500 വർഷം എന്നത് ചുരുങ്ങിയ കാലയളവാണ്.

പ്രധാന ഭീഷണികളും ആശങ്കകളും

  • ജല ലഭ്യത കുറവ്: വരൾച്ചയുള്ള മാസങ്ങളിൽ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള ജലപ്രവാഹം 85 ശതമാനം വരെ കുറയാൻ ചൈന നി‌ർമിക്കുന്ന അണക്കെട്ട് കാരണമായേക്കും.
  • രാഷ്ട്രീയ ആയുധം: നദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനുള്ള അധികാരം ചൈനയ്ക്ക് ലഭിക്കുന്നത് ഇന്ത്യയ്ക്കുമേൽ തന്ത്രപരമായ സമ്മർദം ചെലുത്താൻ വഴിയൊരുക്കും
  • വെള്ളപ്പൊക്ക ഭീഷണി (വാട്ടർ ബോംബ്): അണക്കെട്ടിൽ പെട്ടെന്ന് വലിയ അളവിൽ വെള്ളം തുറന്നുവിട്ടാൽ അരുണാചൽ പ്രദേശിലും അസമിലും വലിയ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടാകും.
  • ഭൂകമ്പ സാദ്ധ്യത: സജീവമായ ഭൂകമ്പ മേഖലയിലും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശത്തുമാണ് ഈ ഭീമൻ പദ്ധതി വരുന്നത്, ഇത് മേഖലയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary

China’s massive 60,000 MW Medog Dam near India has raised serious concerns after the recent Nepal-Tibet flood disaster. Built in a highly earthquake-prone Himalayan region, the project could pose environmental and geological risks. Experts warn of reduced water flow, potential flooding, seismic threats, and China gaining strategic control over Brahmaputra waters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA MEDOG DAM, CHINA DAM NEAR INDIA, BRAHMAPUTRA DAM, NEPAL FLOOD DISASTER, TIBET MEGA DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360