SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.07 PM IST

മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ അവധി; കേന്ദ്ര നയത്തിൽ നിന്ന് നിർണായക മാറ്റവുമായി വിജയ് സർക്കാർ

cm-vijay
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പ്രസവ നയത്തിൽ പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. മൂന്നാമത്തെ പ്രസവത്തിന് വനിതാ സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ 365 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കും. മാനവ വിഭവശേഷി മന്ത്രി ഡി ശരത്കുമാർ ആണ് നിയമസഭയിൽ പുതിയ പ്രഖ്യാപനം നടത്തിയത്. മൂന്നാമത്തെ പ്രസവാവധി 12 ആഴ്ചയായി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു.

ജനസംഖ്യാ നിയന്ത്രണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. പുതിയ നയം തൊഴിൽ ക്ഷേമവുമായി ബന്ധപ്പെട്ടതാണെങ്കിലും ജനസംഖ്യയിൽ തമിഴ്‌നാട് വിട്ടുവീഴ്‌ചകൾക്കൊരുങ്ങുകയാണോയെന്ന ചോദ്യം ഉയരുകയാണ്.

പുതിയ പ്രസവനയം

സർക്കാരിന്റെ മുൻ ചട്ടക്കൂട് പ്രകാരം വനിതാ സർക്കാർ ജീവനക്കാർക്ക് രണ്ട് കുഞ്ഞുങ്ങൾക്ക് 365 ദിവസത്തെ പ്രസവാവധിയും മൂന്നാമത്തെ കുഞ്ഞിന് 12 ആഴ്‌ചയോ 84 ദിവസമോ ആണ് അവധിയായി നൽകിയിരുന്നത്. ശമ്പളത്തോടെയുള്ള അവധിയാണിത്. പുതിയ നയപ്രകാരം മൂന്നാമത്തെ പ്രസവത്തിനും ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾക്കുള്ള അവധിതന്നെ ലഭിക്കും. മുൻ അവധി ദിനങ്ങളേക്കാളും നാലിരട്ടിയാണിത്.

ജനസംഖ്യാ വർദ്ധനവിനുള്ള നടപടിയേക്കാൾ സ്ത്രീ ക്ഷേമം, സ്ത്രീ ശാക്തീകരണം, തൊഴിൽ - കുടുംബ ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കാനുള്ള അവസരം എന്നിവയ്ക്കാണ് പുതിയ നയം മുൻഗണന നൽകുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. മൂന്നാം കുട്ടി നയമല്ല തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്നത്, മൂന്നാമത് കുഞ്ഞിന് ജന്മം നൽകുന്നതിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നുമില്ല, മറിച്ച് പ്രസവാവധിയിലെ നിയന്ത്രണം റദ്ദാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ടിവികെ സർക്കാരിന്റെ നിലപാട്.

എന്തുകൊണ്ട് മൂന്നാം പ്രസവം നിയന്ത്രിച്ചിരുന്നു?

രണ്ടിൽ താഴെ കുട്ടികളുള്ള സ്ത്രീകൾക്ക് പ്രസവാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്ന തത്വവുമായി ഈ നിയന്ത്രണം ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുടെ പൊതു പ്രസവാനുകൂല്യ ചട്ടക്കൂടിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. 1961ലെയും പിന്നീട് 2017ൽ ഭേദഗതി വരുത്തുകയും ചെയ്ത നിയമപ്രകാരം ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് 26 ആഴ്‌ചത്തെ അവധിയും രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് 12 ആഴ്‌ചത്തെ അവധിയുമാണ് അനുവദിച്ചിരുന്നത്.

ഇന്ത്യൻ നിയമം മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയുന്നില്ല. പ്രസവാനുകൂല്യങ്ങളും നിഷേധിക്കുന്നില്ല. എന്നാൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് കുറവ് പ്രസവാവധി മാത്രമേ അനുവദിക്കുന്നുള്ളൂ. ജനസംഖ്യയുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രനയം

തമിഴ്‌നാടിന്റെ പുതിയ നയം കേന്ദ്രനയത്തിൽ നിന്ന് വ്യത്യസ്തമാവുകയാണ്. മൂന്നാമത്തെ കുഞ്ഞിനുള്ള ദേശീയ നിയമപരമായ പരിധിക്കപ്പുറത്തേക്ക് തമിഴ്‌നാടിന്റെ പുതിയ നയം കടന്നുനിൽക്കുന്നു. സർക്കാർ ജീവനക്കാർക്ക് അവരുടേതായ സർവീസ് നിയമങ്ങളുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് പ്രസവാവധി സംബന്ധിച്ച് സ്വകാര്യ മേഖലയിലെ നിയമങ്ങൾ. സിവിൽ സർവീസ് നിയമങ്ങളും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽതന്നെ തമിഴ്‌നാടിന്റെ പുതിയ നയം പ്രസവാവധിയിലെ ദേശീയ മാറ്റത്തിന് കാരണമാകുന്ന ഒന്നായി കണക്കാക്കാൻ സാധിക്കില്ല.

നിയമപരമായ പശ്ചാത്തലം

മൂന്നാമത്തെ കുഞ്ഞിന്റെ പ്രസവാവധിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന്റെ ഫലമാണ് സർക്കാരിന്റെ പുതിയ നയം. 2025ലെ കെ ഉമാദേവി വേഴ്‌സ‌സ് തമിഴ്‌‌നാട് സർക്കാർ കേസിൽ മൂന്നാമത്തെ കുഞ്ഞാണ് എന്ന കാരണത്താൽ പ്രസവാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്, ആരോഗ്യം, സമത്വം, പ്രത്യുൽപാദന തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെയുള്ള ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശങ്ങളുമായി പ്രസവാവധി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സുപ്രീം കോടതി അന്ന് ഊന്നിപ്പറഞ്ഞു.

2026 മാർച്ചിൽ മൂന്നാമത്തെ ഗർഭകാല പ്രസവാവധി 12 ആഴ്ചയായി പരിമിതപ്പെടുത്തിക്കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നീക്കം ചോദ്യം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി ഈ നിയന്ത്രണം ന്യായീകരിക്കാനാവാത്തതാണെന്ന് വിധിച്ചു. മൂന്നാമത്തെ ഗർഭധാരണമായതിനാൽ അമ്മയ്ക്കാവശ്യമായ ശാരീരികവും പ്രസവാനന്തരവുമായ പരിചരണത്തിന് പ്രാധാന്യം കുറഞ്ഞുപോകരുതെന്ന് കോടതി നിരീക്ഷിച്ചു.

തമിഴ്‌നാട് വലിയ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നോ?

മൂന്നാമത്തെ കുഞ്ഞിന് പണ ആനുകൂല്യമോ നികുതി ആനുകൂല്യമോ ബോണസോ പ്രത്യേക ക്ഷേമ പാക്കേജോ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന് സർക്കാർ പറഞ്ഞിട്ടുമില്ല. സർക്കാരിന്റെ പുതിയ നയം ജനസംഖ്യാ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി കാണേണ്ടതില്ല. മറിച്ച് പ്രസവാനുകൂല്യങ്ങളുടെ തത്വശാസ്ത്രത്തിലെ ഒരു മാറ്റമായിട്ടാണ് കാണേണ്ടത്. ഒരു സ്ത്രീക്ക് മൂന്നാമത്തെ കുട്ടി ജനിക്കുന്നതിനാൽ രോഗശാന്തി, നവജാത ശിശു സംരക്ഷണം, ജോലിസ്ഥല സംരക്ഷണം എന്നിവയുടെ ആവശ്യകത കുറയുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

English Summary

The Tamil Nadu government announced 365 days of paid maternity leave for its female employees for a third child, a significant increase from the previous 12-week limit. This policy, aimed at prioritizing women's welfare and work-life balance, follows recent court rulings challenging restrictions on benefits for multiple births, diverging from national norms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VIJAY, TAMILNADU MATERNITY LEAVE, MATERNITY LEAVE FOR THIRD CHILD, TAMILNADU NEW MATERNITY POLICY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360