
തിരക്കുപിടിച്ച ഈ കാലത്ത് എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് മാനസികാരോഗ്യക്കുറവ്. ശരീരത്തിന്റെ അസുഖങ്ങൾ ചികിത്സിച്ച് ഭേഗമാക്കുമെങ്കിലും പലരും ശ്രദ്ധിക്കാതെ പോകുന്ന വലിയ പ്രശ്‌നമാണിത്. തുടക്കത്തിൽ കാണുന്ന പല ലക്ഷണങ്ങളും ശ്രദ്ധിക്കാതെ ഒടുവിൽ ഡിപ്രഷൻ, ആൻസൈറ്റി പോലുള്ള വലിയ ബുദ്ധിമുട്ടുകളിലേക്ക് കടക്കുമ്പോഴാണ് പലരും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുന്നത്.
ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് പല തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് പാരീസിലെ ചികിത്സ. മാനസിക പ്രശ്‌നങ്ങൾ സുഖപ്പെടുത്താൻ ഇവിടെ കഴുത തെറാപ്പിയാണ് ഉപയോഗിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ കെട്ടിടങ്ങളും വനപ്രദേശങ്ങളും നിറഞ്ഞ ന്യൂലി-സർ-മാർണിലെ വില്ലെ-എവ്രാർഡ് ആശുപത്രിയിലാണ് ഈ ചികിത്സ നടത്തുന്നത്. മരുന്നിനേക്കാൾ വീര്യമുള്ള ചികിത്സാമാർഗമാണിതെന്നും കഴുകതളുമായി നടക്കുമ്പോൾ വലിയ ആശ്വാസം ലഭിക്കും, ചുറ്റുമുള്ള മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ലെന്നുമാണ് രോഗം ഭേദമായവർ പറയുന്നത്.
കഴുത തെറാപ്പി
ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് സൗജന്യമായാണ് ഇവിടെ കഴുത തെറാപ്പി നടത്തുന്നത്. ഇതിന് ഫ്രാൻസിലെ പൊതുജനാരോഗ്യ സംവിധാനമാണ് ധനസഹായം നൽകുന്നത്. ഇതിൽ പങ്കെടുക്കുന്നവരെ ഒരു കഴുതയുമായി പരിചയപ്പെടുത്തും. കാലക്രമേണ അവർ നല്ല സുഹൃത്തുക്കളാകും. വളരെ കുറച്ച് സെഷനുകൾക്കുള്ളിൽ തന്നെ രോഗം നല്ല രീതിയിൽ മാറുന്നത് കാണാം. നോനോ, പിറ്റൗ, ഓസ്‌കാർ, മനോളോ, മാൽറോക്‌സ് എന്നിങ്ങനെ അഞ്ച് കഴുതകളാണ് ആശുപത്രിയിലുള്ളത്.
മാനസികമായി തളർന്ന് ആരോടും മിണ്ടാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയവർ പോലും കഴുതയുമായി ഇടപെടുന്നതിലൂടെ വളരെ വേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് ആശുപത്രിയിലെ ഒരു നഴ്‌സ് പറയുന്നത്. പലർക്കും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇത് രോഗം കൂടാൻ കാരണമാകും. ഇത്തരക്കാർ ആശുപത്രിയിലെത്തി കഴുതകളുമായി സമയം ചെലവഴിക്കുന്നത് വളരെ ആശ്വാസം നൽകും.

ചികിത്സയുടെ തുടക്കം
മനോരോഗചികിത്സയിൽ വിദഗ്‌ദ്ധയായ നഴ്‌സ് എർമെലിൻഡയും ഭർത്താവ് ഫ്രാങ്കോയിസ് ഹേഡിയും 2016ലാണ് വില്ലെ - എവ്രാർഡ് ആശുപത്രിയിയിൽ കഴുതകളെ കൊണ്ടുവന്നത്. മാനസികാരോഗ്യത്തിന് മൃഗചികിത്സയുടെ പ്രാധാന്യത്തിൽ ഇവർ വളരെയധികം വിശ്വസിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച കഴുതകൾക്ക് വേണ്ട പരിശീലനം നൽകി. കഴുതകൾക്ക് നല്ല ബുദ്ധിയുണ്ട്. അവർക്ക് കാര്യങ്ങൾ വളരെ വേഗം മനസിലാകും. എന്നിരുന്നാലും സമയമെടുത്താണ് പരിശീലനം നൽകിയതെന്നാണ് ഫ്രാങ്കോയിസ് പറയുന്നത്.
ആളുകളെ ഉപദ്രവിക്കാത്ത വളരെ ശാന്തരായ മൃഗങ്ങളാണ് കഴുതകൾ. ഇവ രോഗികളുമായി വളരെ നന്നായി ഇടപഴകും. അതിനാൽത്തന്നെ വൈകാരിക സ്‌പോഞ്ചുകൾ എന്നാണ് ഇവയെ പറയപ്പെടുന്നത്. 2022 മുതലാണ് ആശുപത്രിയിൽ കഴുത ചികിത്സ ആരംഭിച്ചത്. ഇതിനായി മൂന്ന് നഴ്‌സുമാരെയും ചികിത്സയിൽ ഉൾപ്പെടുത്തി. സന്നദ്ധപ്രവർത്തകരാണ് മൃഗങ്ങളെ പരിപാലിക്കാൻ വേണ്ട സഹായം നൽകുന്നത്.
പിന്നീട് ചികിത്സാ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗിനി പന്നികൾ, കോഴികൾ, പ്രാവുകൾ, ആടുകൾ, ആമകൾ, മുയലുകൾ എന്നിവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ രോഗികളുടെയും പ്രശ്‌നം അനുസരിച്ച് ചികിത്സ നൽകും. ചെറിയ മൃഗങ്ങളെ ആശുപത്രി മുറികളിൽ എത്തിച്ചും ചികിത്സ നൽകാറുണ്ട്. മരുന്നുകൾ മാത്രം ഉപയോഗിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് ഈ ചികിത്സ. വളരെ പോസിറ്റീവായ മാറ്റം ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളിൽ കാണാനാകും.
ഉത്കണ്‌ഠ, വിഷാദം, സ്‌കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. വൈകാരിക നിയന്ത്രണം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താൻ ഈ ചികിത്സ സഹായിക്കും. രോഗികൾക്ക് ആത്മവിശ്വാസവും അഭിമാനവും വീണ്ടെടുക്കാൻ കഴിയും. കഴുതകളാണ് തങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് പല രോഗികളും പിന്നീട് പറഞ്ഞതായും നഴ്‌സുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |