SignIn
Kerala Kaumudi Online
Monday, 05 October 2026 2.35 PM IST

ജെൻ സി പിള്ളേരുടെ അവധി ആഘോഷത്തിലെ പുതിയ ട്രെൻഡ് 'റൂം റോട്ടിംഗ്', ആർക്കും അമ്പരപ്പുളവാക്കും ഇത്

room-rotting
പ്രതീകാത്മക ചിത്രം

മുൻപുള്ള തലമുറകളിൽ നിന്നും നിരവധി കാര്യങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുന്നവരാണ് ജെൻ സി തലമുറ. വ്യക്തിസ്വാതന്ത്ര്യം വിട്ടൊരു കളിയ്ക്ക് തയ്യാറല്ലാത്ത തലമുറ എന്ന് ജെൻ സിയെ വേണമെങ്കിൽ പറയാം.ജോലിയിലായാലും സ്‌നേഹബന്ധത്തിലായാലും യാത്രയിലായാലും എല്ലാം സ്വന്തം സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ടി നിലവിലെ ചിട്ടവട്ടങ്ങളെ പാടേ തകർക്കാൻ അവർക്ക് മടിയില്ല. അതിലൂടെ സമൂഹത്തിൽ പുതിയ പല മാറ്റങ്ങളും ഉണ്ടാകുന്നുവെന്നത് പോസിറ്റീവായ കാര്യമാണ്.


മുൻ തലമുറകളുടെ പോലെയല്ലാത്ത ഇന്റർനെറ്റ് ഫ്രണ്ട്ലിയായ ജീവിതമുള്ളവരാണിവർ. അവരുടെ ഭാഷയും അത്തരത്തിൽ വ്യത്യസ്‌തമായ പദങ്ങൾ കൊണ്ട് നിറഞ്ഞതാണ്. മാത്രമല്ല പ്രകൃതിയോടുള്ള സ്‌നേഹം, നാട്ടിലെ രാഷ്ട്രീയ-സാംസ്‌കാരിക തകർച്ച എന്നിവയ്‌ക്കെതിരെ പോരാടാൻ ഒരുപേടിയുമില്ലാത്തവരാണ് ഈ തലമുറക്കാർ.


ടെക് ഫ്രണ്ട്‌ലിയായതിന്റെ ദോഷങ്ങളുള്ളവർ

ടെക് ഫ്രണ്ട്ലിയായ ഇവരിൽ പക്ഷെ അതിന്റേതായ ദോഷവശങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ നിത്യജീവിതത്തിന്റെ പ്രശ്നങ്ങളെ അകറ്റാൻ ഇവർ യാത്രകളും മറ്റും പോകുന്നതിൽ കൂടുതൽ താൽപര്യം കാണിക്കുന്നവരാണ്. ഈ യാത്രയിലുമുണ്ട് ചില പ്രത്യേകതകൾ. മുൻതലമുറകളെ പോലെ അതിദീർഘദൂരം ഒരൊറ്റ പോക്ക് പോകുന്നവർ ഇവരിൽ കുറവാണ്. പരമാവധി ചെറിയ യാത്ര അത് പക്ഷെ കൂടുതൽ ആസ്വദിക്കാവുന്ന തരത്തിൽ ആവും അവർ ഒരുക്കുക.

എന്താണ്‌ റൂം റോട്ടിംഗ്‌?

യാത്രയിൽ പരമാവധി ആസ്വദിക്കാനുള്ള ജെൻ സിയുടെ പുതിയ ട്രെൻഡ് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. 'റൂം റോട്ടിംഗ്'എന്നാണിതിന് പേര്. മൈക്രോ കേഷനുകൾ, മിറർ ട്രിപ്പുകൾ ഇങ്ങനെ പലതരം അവധി ആഘോഷങ്ങൾ ഉണ്ടെങ്കിലും റൂം റോട്ടിംഗ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പുറത്തേക്ക് നല്ല കാഴ്ച ലഭിക്കുന്നൊരു ഹോട്ടൽ റൂം, അവിടെ നല്ലൊരു മെത്ത, അതിൽ അന്നേദിവസം മറ്റൊന്നും ചെയ്യാതെ കിടന്ന് ദൂരേക്ക് നോക്കി ആ കാഴ്ച ആസ്വദിക്കുക. അതാണ് റൂം റോട്ടിംഗ്. വിശ്രമം, ഒഴിവുസമയം, പെട്ടെന്ന് തീരുമാനിച്ചുള്ള യാത്രകൾ ഇവയ്ക്കാണ് ഇക്കാലത്ത്‌ യുവാക്കൾ പ്രാധാന്യം നൽകുന്നത്.

മടിപിടിച്ച് വെറുതേ കിടക്കുന്നു എന്ന പഴയ കണ്ണിലൂടെ ഈ അവധിയാഘോഷത്തെ കാണേണ്ടതില്ല. തിരക്കേറിയ ലോകത്ത് മതിയായ വിശ്രമം കിട്ടുന്നു എന്നത് ഉറപ്പാക്കുകയാണ് യുവാക്കൾ. പുറത്ത് കാഴ്ചകാണാൻ പോയി വാടിത്തളർന്ന് തിരികെ വരുന്നതരം അവധി ആഘോഷത്തിന് ജെൻസിയ്ക്ക് താൽപര്യമില്ല. അവർ അവധിക്ക് എത്തിച്ചേർന്നതുതന്നെ ആകെ തളർന്നാകും. അതിനാൽ നല്ല ഭംഗിയായി അലങ്കരിച്ച മെച്ചപ്പെട്ട കാഴ്ച കിട്ടുന്നൊരു റൂമും, അതിൽ വിശ്രമിക്കാൻ സമയവും കിട്ടുന്ന റൂം റോട്ടിംഗ് അവർ ഇഷ്ടപ്പെടുന്നു. മാത്രമല്ല അവധി ആഘോഷിക്കാൻ ഒപ്പമെത്തുന്നവർക്കൊപ്പം ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് നേരം പുലരുവോളം സംസാരിച്ച ശേഷം വിശ്രമിക്കാനും അവർ സന്തോഷം കണ്ടെത്തുന്നു.

പഴയകാലത്ത് യാത്രപോകാനുള്ള ഇടങ്ങൾ കണക്കുകൂട്ടി അതിനുള്ള പണവും സ്വരക്കൂട്ടി യാത്രപോയി തിരിച്ചെത്തുമ്പോൾ ക്ഷീണിതരാകുമായിരുന്നു. എന്നാൽ ഇത്തരം മനഃസംഘർഷമൊന്നുമില്ലാതെ സ്വസ്ഥമായി ഒരിടത്തിരുന്നാൽ കിട്ടുന്ന മനഃസുഖമാണ് ഈ തലമുറ ആസ്വദിക്കുന്നത്.

ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ നിരവധി ചെറുതും വലുതുമായ തീരുമാനമെടുത്താണ് നാം മുന്നോട്ടുപോകുന്നത്. റൂം റോട്ടിംഗ് തീരുമാനിച്ചാൽ വളരെ കുറച്ച് തീരുമാനങ്ങളെടുത്താൽ മതി എന്ന ഗുണമുണ്ട്. എന്നാൽ ഇത്തരം അവധി ആഘോഷം ചിലർക്കെങ്കിലും ഒരു കുറ്റബോധം ഉണ്ടാക്കുമെന്നാണ് സാബാ ഫാമിലി ഫൗണ്ടേഷൻ സ്ഥാപകയും മനഃശാസ്ത്ര വിദഗ്ദ്ധയുമായ ഡോ. മാലിനി സാബ പറയുന്നത്.

'ഞാൻ ഇവിടെ ഒരുദിവസം വെറുതെ കളയുന്നു' എന്ന തോന്നലാകാം ഇത്. ചിലർക്ക് അൽപനേരം പോലും വെറുതെയിരിക്കുന്നത് അവരെക്കുറിച്ച് സ്വയം സംശയം ജനിപ്പിക്കാൻ കാരണമാകും. മറ്റുള്ളവർ അവധി ആഘോഷിക്കുമ്പോൾ ഞാനത് വെറുതെ കളയുകയാണ് എന്ന തോന്നലുണ്ടായേക്കാം. ഇത്തരത്തിൽ വിഷമം തോന്നാതിരിക്കാൻ മുൻപ് നിശ്ചയിച്ച യാത്രക്കിടയിൽ അൽപനേരം റൂം റോട്ടിംഗ് തിരഞ്ഞെടുത്താലും മതിയാകും. ഏതുതരം അവധി ആഘോഷമായാലും അത് സ്വയം ആസ്വദിക്കാനാകണം. ഇത്തരത്തിൽ ജെൻ സി തലമുറയ്‌ക്ക് റൂം റോട്ടിംഗും ആസ്വാദ്യകരമായി തോന്നി എന്നതാണ് വസ്‌തുത.

English Summary

Gen Z is embracing a surprising new travel trend called “room rotting,” where travelers spend their vacation relaxing and enjoying most of their time inside their hotel room rather than exploring the destination. Unlike microcations and mirror trips, room rotting is gaining attention as a new way to experience holidays.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENZ, VACATION, TREND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360